തൂഫാന്‍ ആഞ്ഞടിച്ചപ്പോള്‍ ബെവ്കോയിലേക്ക് ജനപ്രവാഹം; ഓണ വിപണിയില്‍ മൂന്ന് ദിവസം കൊണ്ട് വിറ്റത് 232.99 കോടിയുടെ മദ്യം

AUGUST 22, 2026, 4:12 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയ്ക്കെതിരെ കേരള പൊലീസ് നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ ശക്തമായതോടെ ഓണക്കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകളില്‍ റെക്കോര്‍ഡ് മദ്യവില്‍പന. ഓഗസ്റ്റ് 18 മുതല്‍ 20 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ മാത്രം 232.99 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ 209.89 കോടിയുടെ വില്‍പന നടന്ന സ്ഥാനത്താണ് ഇത്തവണ 23.1 കോടിയുടെ വന്‍ വര്‍ധനവുണ്ടായിരിക്കുന്നത്.

മദ്യത്തിന് വില വര്‍ധനവില്ലാത്ത സാഹചര്യത്തില്‍ വില്‍പനയിലുണ്ടായ ഈ കുതിച്ചുചാട്ടം ലഹരി വിരുദ്ധ പരിശോധനകളുടെ നേരിട്ടുള്ള പ്രതിഫലനമാണെന്നാണ് വിലയിരുത്തല്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കഞ്ചാവിന്റെയും മറ്റ് രാസലഹരികളുടെയും ലഭ്യതയില്‍ വലിയ കുറവുണ്ടായതാണ് ആളുകളെ വീണ്ടും മദ്യത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരിവേട്ടയില്‍ പതിവ് കച്ചവടക്കാരെല്ലാം ഭയന്ന് പിന്മാറിയതാണ് മയക്കുമരുന്ന് ലഭ്യത കുറയാന്‍ ഇടയാക്കിയത്. ലഹരി വസ്തുക്കള്‍ കിട്ടാതായതോടെ ആളുകള്‍ സ്വാഭാവികമായും മദ്യത്തിലേക്ക് മാറിയതാവാം വില്‍പന ഉയരാന്‍ കാരണമെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറും സ്ഥിരീകരിക്കുന്നു.

ഓണക്കാലത്ത് വില്‍പനയില്‍ പെരിന്തല്‍മണ്ണ ഔട്ട്ലെറ്റാണ് ഏറ്റവും മുന്നിലെത്തിയത്. മൂന്ന് ദിവസം കൊണ്ട് 90 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. തിരൂര്‍ (78 ലക്ഷം), കുട്ടിപ്പാലം (64 ലക്ഷം), ചാലക്കുടി (62 ലക്ഷം), ചേര്‍ത്തല (62 ലക്ഷം) എന്നീ ഔട്ട്ലെറ്റുകളും വില്‍പനയില്‍ വലിയ നേട്ടമുണ്ടാക്കി. ഓണത്തിന്റെ ആദ്യ രണ്ട് ദിനങ്ങളില്‍ മാത്രം 153.18 കോടിയുടെ വില്‍പന നടന്നിരുന്നു.

അതേസമയം സംസ്ഥാനത്തുടനീളം ഓപ്പറേഷന്‍ തൂഫാന്‍ വഴി വന്‍തോതിലുള്ള ലഹരിവേട്ടയാണ് പൊലീസ് നടത്തുന്നത്. ഇതുവരെ 9,345 കേസുകളിലായി 10,085 ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. പരിശോധനകളില്‍ 1,032 കിലോഗ്രാമിലധികം കഞ്ചാവും, 8,289 ഗ്രാമിലധികം എം.ഡി.എം.എയും, 515 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. ലഹരി വിപത്തിനെതിരെ കര്‍ശന നടപടികള്‍ തുടരുമ്പോള്‍ തന്നെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ഒന്‍പതിനായിരത്തിലധികം ബോധവല്‍ക്കരണ പരിപാടികളും കൗണ്‍സിലിംഗുകളും പൊലീസ് സംഘടിപ്പിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam