ദോഹ: മേഖലയില്‍ തുടരുന്ന യുദ്ധ സാഹചര്യങ്ങളും ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷങ്ങളും ഖത്തറിനെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നതായി റിപ്പോര്‍ട്ട്. വാതക കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തില്‍ ഉണ്ടായ പെട്ടെന്നുള്ള ഇടിവും ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളുമാണ് ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായ ഖത്തറിനെ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. പ്രതിസന്ധി മറികടക്കുന്നതിനായി സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അനുവദിച്ച ബജറ്റില്‍ 30 ശതമാനവും വിദേശ രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തില്‍ 85 ശതമാനവും കുറവു വരുത്താന്‍ ഭരണകൂടം നിര്‍ബന്ധിതരായിരിക്കുകയാണ്.
അല്‍ ഉദൈദ് താവളത്തിനു നേരെയും പ്രധാന വാതക ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കു നേരെയും ഉണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് കൂടുതല്‍ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ഖത്തര്‍ എല്‍എന്‍ജി ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇതോടൊപ്പം അന്താരാഷ്ട്ര വാണിജ്യ പാതയായ ഹോര്‍മുസ് അടഞ്ഞത് കയറ്റുമതിയെ പൂര്‍ണ്ണമായും ബാധിച്ചു. ഈ വര്‍ഷം ഖത്തറിന്റെ ജിഡിപിയില്‍ വലിയ രീതിയിലുള്ള ചുരുങ്ങലുണ്ടാകുമെന്ന് സാമ്പത്തിക ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സംഘര്‍ഷം അവസാനിപ്പിച്ച് ഹോര്‍മുസ് പാത എത്രയും വേഗം തുറക്കുന്നതിനായി ഖത്തറിന്റെ നേതൃത്വത്തില്‍ സജീവ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണ്.
നിലവിലെ സാമ്പത്തിക ഞെരുക്കം പ്രഖ്യാപിക്കപ്പെട്ട വന്‍കിട വികസന പദ്ധതികളെ പ്രതികൂലമായി ബാധിച്ചേക്കും. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ദോഹ-റിയാദ് അതിവേഗ റെയില്‍വേ പാതയുടെ നിര്‍മ്മാണം മന്ദഗതിയിലാകാന്‍ ഇത് കാരണമായേക്കാം. പശ്ചിമേഷ്യന്‍ പ്രതിസന്ധി നീണ്ടുപോയാല്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെ വികസന പദ്ധതികളുടെ വേഗത കുറയുകയും ഇത് പ്രവാസികളുടെ തൊഴില്‍ സാധ്യതകളെ നേരിട്ട് ബാധിക്കുകയും ചെയ്യും. സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സൗദി അറേബ്യയുമായി ചേര്‍ന്ന് പുതിയ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതടക്കമുള്ള ബദല്‍ മാര്‍ഗ്ഗങ്ങളും ഖത്തര്‍ ആലോചിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
