ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളികളുടെ സ്വകാര്യ അഭിമാനമാണ് സഞ്ജു സാംസൺ. വെടിക്കെട്ട് ബാറ്റിംഗിലൂടെ ആരാധകരെ ആകർഷിക്കുന്ന സഞ്ജു സാംസൺ ഇപ്പോൾ ഇന്ത്യൻ ടി20 ടീമിലെ പ്രധാന വിക്കറ്റ് കീപ്പർമാരിൽ ഒരാളാണ്. എന്നാൽ ഏകദിന ടീമിലും ടെസ്റ്റിലും സഞ്ജുവിനെ പരിഗണിക്കുന്നില്ല. ഇന്ത്യൻ ടീമിനൊപ്പം ലഭിക്കുന്ന എല്ലാ അവസരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഞ്ജു സാംസണിന് കഴിഞ്ഞു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി സഞ്ജു സാംസണെ നിലനിർത്താനുള്ള ശക്തമായ നീക്കം ഇന്ത്യൻ ടീമിൽ നടക്കുന്നുണ്ട്.
ഓപ്പണിങ്ങിൽ അതുല്യ റെക്കോഡുണ്ടായിട്ടും മലയാളി താരത്തെ ആ റോളിൽ നിന്ന് മാറ്റി ശുഭ്മാൻ ഗില്ലിനെ ഇന്ത്യ ഓപ്പണറാക്കി. മധ്യനിരയിൽ കൃത്യമായ ബാറ്റിങ് പൊസിഷൻ നൽകാതെ സഞ്ജുവിനെ ഇന്ത്യ പ്രയാസപ്പെടുത്തുകയാണ്. മുഖ്യ സെലക്ടറായ അജിത് അഗാർക്കർ സഞ്ജുവിനെ ഏകദിന ടീമിൽ നിന്ന് തഴയാൻ വിചിത്ര വാദങ്ങളാണ് ഉയർത്തിയിരിക്കുന്നത്. എന്തായാലും സഞ്ജുവിന് ഇപ്പോൾ കാര്യങ്ങൾ എളുപ്പമല്ലെന്ന് തന്നെ പറയാം.
2026ലെ ടി20 ലോകകപ്പ് ടീമിൽ സഞ്ജു സാംസണിന് ഇടം ഉറപ്പിക്കാനായിട്ടില്ല. വിക്കറ്റ് കീപ്പറുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്കെത്താൻ ടീം മാനേജ്മെന്റ് തയ്യാറായിട്ടില്ലെന്ന് തന്നെ പറയാം. ഫെബ്രുവരി 7 മുതൽ മാർച്ച് എട്ടുവരെയാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇതിന് പിന്നാലെ ഐപിഎല്ലും ആരംഭിക്കും. സഞ്ജു സാംസണിനെ സംബന്ധിച്ച് ഐപിഎല്ലിലെടുക്കുന്ന ഒരു നിർണ്ണായക തീരുമാനം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെ ഇടം നിശ്ചയിക്കുന്നതിൽ വളരെ നിർണ്ണായകമായി മാറും.
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തുടരുമോയെന്നതാണ് ഇനി അറിയേണ്ടത്. ടി20 ലോകകപ്പ് വരാനിരിക്കെ സഞ്ജു രാജസ്ഥാൻ വിടുന്നതാണ് എന്തുകൊണ്ടും നല്ലത്. രാജസ്ഥാന്റെ പുതിയ പരിശീലകനായി കുമാർ സംഗക്കാര തിരിച്ചെത്തിയേക്കും.സംഗക്കാര സഞ്ജുവിന് വലിയ പിന്തുണയാണ് നൽകുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന് ക്യാപ്റ്റനായി തുടരാനും സാധിക്കും.
മുംബെെ ഇന്ത്യൻസ്, ചെന്നെെ സൂപ്പർ കിങ്സ് എന്നീ വമ്പന്മാരെല്ലാം സഞ്ജുവിനെ നോട്ടമിടുന്നുണ്ട്. ഈ രണ്ട് ടീമുകളിലൊന്നിലേക്ക് പോയാൽ സഞ്ജുവിന് കൂടുതൽ പരിഗണന ദേശീയ ടീം തിരഞ്ഞെടുപ്പിൽ ലഭിക്കും. സഞ്ജുവിന് കെകെആറിലേക്കെത്താനായാൽ ഗംഭീർ കൂടുതൽ പിന്തുണ നൽകുമെന്നുറപ്പാണ്. ഇത് ഇന്ത്യൻ ടീമിലെ സീറ്റുറപ്പിക്കാൻ സഞ്ജുവിനെ സഹായിക്കുമെന്നുറപ്പാണ്. നിലവിലെ സാഹചര്യത്തിൽ സഞ്ജു രാജസ്ഥാൻ വിടുന്നതാണ് താരത്തിന്റെ ഇന്ത്യൻ ടീമിലെ കരിയറിൽ നല്ലത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്