ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീമില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് അറിയിച്ച ഹാരിസ് റൗഫിന്റെ നടപടിയില്‍ അനിഷ്ടം പ്രകടിപ്പിച്ച് പാക് ടീമിന്റെ പുതിയ ചീഫ് സെലക്ടര്‍ വഹാബ് റിയാസ്. ഓസ്ട്രേലിയന്‍ പിച്ചുകളില്‍ റൗഫിനെ ചെറിയ സ്‌പെല്ലുകളില്‍ മാത്രം ഉപയോഗിക്കുന്നതിനായിരുന്നു ഉദ്ദേശിച്ചതെന്ന് റിയാസ് വ്യക്തമാക്കി.
'ഞങ്ങള്‍ ക്യാപ്റ്റനോടും പരിശീലകനോടും സംസാരിച്ചു, ടെസ്റ്റ് ക്രിക്കറ്റില്‍ ഹാരിസ് റൗഫിനെ ഒരു ഇംപാക്ട് പ്ലെയറായി ഉപയോഗിക്കാന്‍ അവര്‍ ആഗ്രഹിച്ചു. ഏകദിനത്തില്‍ അദ്ദേഹം ചെയ്തിട്ടുള്ള 10-12 ഓവറുകളില്‍ കൂടുതല്‍ ഞങ്ങള്‍ അവനില്‍ നിന്ന് ആവശ്യപ്പെട്ടില്ല,' റിയാസ് പറഞ്ഞു.
പാക് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പരിക്കേറ്റിരിക്കുന്ന സമയത്ത് കേന്ദ്ര കരാറുള്ള കളിക്കാരനെന്ന നിലയില്‍ റൗഫ് ദേശീയ ടീമിനെ പ്രതിനിധീകരിക്കേണ്ടതായിരുന്നുവെന്ന് റിയാസ് പറഞ്ഞു. റൗഫ് പിന്‍മാറിയതോടെ ഷഹീന്‍ ഷാ അഫ്രീദി, ഖുറം ഷെഹ്സാദ്, മിര്‍ ഹംസ, മുഹമ്മദ് വസീം ജൂനിയര്‍ എന്നിവരെയാണ് പാകിസ്ഥാന്‍ പേസ് ബൗളിംഗ് പടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
''140 കിലോമീറ്റര്‍ സ്പീഡിന് മുകളില്‍ ബൗള്‍ ചെയ്യുന്ന ഞങ്ങളുടെ മൂന്ന് മുന്‍നിര ടെസ്റ്റ് ബൗളര്‍മാരും പരിക്കിന്റെ പിടിയിലാണ്. ഒരു കളിക്കാരനെന്ന നിലയില്‍ നിങ്ങള്‍ കേന്ദ്ര കരാറില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍, ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ത്യാഗം ചെയ്യേണ്ടതുണ്ടെന്നും പിന്നോട്ട് പോകുന്നതിനുപകരം പാക്കിസ്ഥാനുവേണ്ടി കളിക്കാന്‍ നോക്കേണ്ടതുണ്ടെന്നും ഞാന്‍ കരുതുന്നു, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 ലോകകപ്പില്‍ കളിച്ച റൗഫിന് വിക്കറ്റുകള്‍ ലഭിച്ചെങ്കിലും എതിര്‍ ടീമുകളുടെ പ്രഹരമേല്‍ക്കേണ്ടി വന്നിരുന്നു. 2022 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് മാത്രമാണ് റൗഫ് ഇതുവരെ കളിച്ചിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്