ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന സിഡ്‌നി ടെസ്റ്റിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ചേക്കും. ഇക്കാര്യത്തിൽ രോഹിത് തീരുമാനമെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അടുത്ത വർഷം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ യോഗ്യത നേടുകയാണെങ്കിൽ ലോർഡ്‌സിൽ കളിച്ച് വിരമിക്കാനായിരുന്നു പദ്ധതി. ഇനി ഫൈനലിന് യോഗ്യത നേടാനുള്ള സാധ്യത വിരളമാണ്. അതിന് ജനുവരി മൂന്നിന് ആരംഭിക്കുന്ന സിഡ്‌നി ടെസ്റ്റ് ജയിച്ചാൽ മാത്രം മതിയാവില്ല. ഓസ്‌ട്രേലിയ, വരുന്ന ശ്രീലങ്കൻ പര്യടനത്തിൽ രണ്ട് ടെസ്റ്റുകളും ജയിക്കാതിരിക്കണം. ഇത്രയൊക്കെ നടക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം.
അതുകൊണ്ടുതന്നെ സിഡ്‌നിയിൽ ആരംഭിക്കാനിരിക്കുന്ന അഞ്ചാം ടെസ്റ്റ് രോഹിത്തിന്റെ അവസാനത്തേതായിരിക്കും.
ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് പിന്നാലെ ഏകദിനത്തിൽ നിന്നും രോഹിത് വിരമിക്കുമെന്നാണറിയുന്നത്. ടി20 ലോകകപ്പ് നേടിയ ശേഷം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു രോഹിത്. രോഹിത്തിന്റെ കാര്യം ബി.സി.സി.ഐ പ്രതിനിധികൾ ഗൗരവമായി ചർച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുകയാണെങ്കിൽ അതുവരെ കളിക്കണമെന്ന ആവശ്യം രോഹിത് സെലക്ടർമാർക്ക് മുന്നിൽ വെക്കും.
ടെസ്റ്റിൽ അടുത്തകാലത്ത് രോഹിത്തിന്റെ ക്യാപ്ടൻസി ശരാശരിക്കും താഴെയാണ്. ന്യൂസിലൻഡിനെതിരെ സ്വന്തം മണ്ണിൽ നടന്ന ടെസ്റ്റ് ഇന്ത്യ പരാജയപ്പെട്ടു. അതും ന്യൂസിലൻഡ് ഇന്ത്യയെ തൂത്തുവാരി. ബോർഡർ - ഗവാസ്‌കർ ട്രോഫിയിലെ പല തീരുമാനങ്ങളും രോഹിത്തിന് പിഴച്ചിരുന്നു. വലിയ വിമർശനങ്ങളാണ് താരത്തിനെതിരെ വന്നത്. മെൽബണിൽ പലപ്പോഴും വിരാട് കോഹ്ലി നയിക്കുന്നതായിട്ടാണ് തോന്നിയത്. കോഹ്ലി താരങ്ങൾക്ക് നിർദേശങ്ങൾ കൊടുക്കുന്നതും രോഹിത്തിനെ ചില തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിക്കുന്നതുമെല്ലാം കാണാമായിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 18 മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യയുടെ പോയിന്റ് ശതമാനം മെൽബണിലെ തോൽവിയോടെ 52.78 ആയി കുറഞ്ഞിരുന്നു. ഒമ്പത് ജയവും ഏഴ് തോൽവിയും രണ്ട് സമനിലയും അക്കൗണ്ടിൽ. ദക്ഷിണാഫ്രിക്കയ്ക്കും ഓസ്‌ട്രേലിയക്കും പിറകൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 16 മത്സങ്ങളിൽ 10 ജയമാണ് ഓസീസിന്. നാലെണ്ണം പരാജയപ്പെട്ടപ്പോൾ രണ്ട് മത്സരങ്ങളിൽ സമനില പിടിച്ചു. മെൽബണിലെ ജയത്തോടെ പോയിന്റ് ശതമാനം 61.46 ആക്കി ഉയർത്താൻ ഓസീസിനായി. 11 മത്സരങ്ങളിൽ 66.67 പോയിന്റ് ശതമാനമുള്ള ദക്ഷിണാഫ്രിക്ക നേരത്തെ ഫൈനൽ ഉറപ്പിച്ചിരുന്നു. ഏഴ് മത്സരങ്ങൾ ജയിച്ചപ്പോൾ മൂന്നെണ്ണം തോറ്റു. ഒരെണ്ണം സമനിലയിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്