ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് തോൽവിക്ക് ശേഷം മാധ്യമങ്ങളോടുള്ള കോച്ച് ഗൗതം ഗംഭീറിൻ്റെ രൂക്ഷമായ പരാമർശങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ നിന്നുള്ള വിവരങ്ങൾ ചോർന്നതിനെ വിമർശിച്ച് മുൻ ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പത്താനും ശ്രീവത്സ് ഗോസ്വാമിയും രംഗത്ത്.
ഡ്രസ്സിംഗ് റൂം സംഭാഷണങ്ങൾ വളരെ സ്വകാര്യത ഉള്ളതാണെന്നും അത് രഹസ്യമായി തുടരണമെന്നും പത്താൻ ഊന്നിപ്പറഞ്ഞപ്പോൾ ഗോസ്വാമി സംഭവത്തെ അപലപിച്ചു. ബോക്‌സിംഗ് ഡേ ടെസ്റ്റിലെ 184 റൺസിൻ്റെ തോൽവിക്ക് ശേഷം ഗൗതം ഗംഭീർ ടീമിനെ അഭിസംബോധന ചെയ്തപ്പോൾ, തനിക്ക് മതിയായി എന്ന് പറഞ്ഞുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അതേസമയം നിരാശനായ ഗംഭീർ സാഹചര്യത്തിൻ്റെ ആവശ്യങ്ങളേക്കാൾ അവരുടെ സ്വാഭാവിക ഗെയിമിന്" മുൻഗണന നൽകിയതിന് കളിക്കാരെ വിമർശിച്ചു എന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കളിക്കാരുടെ പേര് പറയാതെ സാഹചര്യത്തോട് പൊരുത്തപ്പെടുത്താനുള്ള കഴിവില്ലായ്മയിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു, അത്തരമൊരു സമീപനം ഇനി സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈയിൽ കോച്ചിംഗ് റോൾ ഏറ്റെടുത്ത ഗംഭീർ, കഴിഞ്ഞ ആറ് മാസമായി കളിക്കാർക്ക് സ്വാതന്ത്ര്യം നൽകിയതായി സമ്മതിച്ചെങ്കിലും മുന്നോട്ട് പോകുന്നതിൽ കർശനമായ നിലപാട് പ്രഖ്യാപിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. തൻ്റെ മുൻകൂട്ടി നിശ്ചയിച്ച ടീം തന്ത്രങ്ങൾ പാലിക്കാൻ തയ്യാറാകാത്ത കളിക്കാർക്ക് വാതിൽ കാണിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി, ഇത് സ്ക്വാഡ് കൈകാര്യം ചെയ്യുന്നതിലെ തൻ്റെ സമീപനത്തിൽ കാര്യമായ മാറ്റത്തെ സൂചിപ്പിക്കുന്നു.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഒരു ടെസ്റ്റ് ശേഷിക്കേ ഇന്ത്യ 1-2ന് പിന്നിലായിരിക്കുന്ന സമയത്താണ് ഡ്രസ്സിംഗ് റൂം സംഭാഷങ്ങളുടെ ചോർച്ച ഉണ്ടായത്. ജനുവരി 3 ന് സിഡ്‌നിയിൽ ആരംഭിക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും.
അതേസമയം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ സമീപകാല മോശം പ്രകടനങ്ങളെ തുടർന്ന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിൻ്റെയും ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും നേതൃത്വത്തിലുള്ള ടീം മാനേജ്‌മെൻ്റ് കടുത്ത നിരീക്ഷണത്തിലാണ്. അതുകൊണ്ട് തന്നെ ഡ്രസിങ് റൂം സംഭാഷണം ചോർന്നത് വലിയ രീതിയിൽ ആണ് ചർച്ചയാവുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്