പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ജയത്തോടെ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം ഉറപ്പിച്ചു. രണ്ട് ടെസ്റ്റുകൾ മാത്രമുള്ള പരമ്പരയിലെ അവസാന ടെസ്റ്റിന്റെ ഫലം ഇതോടെ ലോക ചാമ്പ്യൻഷിപ്പിനെ സംബന്ധിച്ച് അപ്രസക്തമായി.
ഫൈനലിൽ ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി ഇനി മത്സരത്തിലുള്ളത് ഇന്ത്യയും ഓസ്‌ട്രേലിയയുമാണ്. ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരേ ഇപ്പോൾ നടക്കുന്ന ടെസ്റ്റും അവസാന ടെസ്റ്റും മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ, ഓസ്‌ട്രേലിയക്ക് ഇതിനു ശേഷം ശ്രീലങ്കക്കെതിരായ ഒരു പരമ്പര കൂടി ശേഷിക്കുന്നു. അതിനാൽ തന്നെ ഇന്ത്യക്ക് പരമ്പര അടിയറ വച്ചാൽ പോലും ഓസ്‌ട്രേലിയക്ക് ഫൈനലിൽ കടക്കാൻ സാധ്യത ശേഷിക്കുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഇന്ത്യ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ. നാലാം ടെസ്റ്റിൽ ഇന്ത്യ ജയിക്കുകയും അഞ്ചാം ടെസ്റ്റിൽ തോൽക്കുകയും ചെയ്താൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തും. എന്നാൽ, ശ്രീലങ്കയോട് ഒരു ജയം അല്ലെങ്കിൽ രണ്ട് സമനില നേടിയാൽ ഓസ്‌ട്രേലിയക്ക് രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാം. ഇന്ത്യക്കെതിരായ നാലാം ടെസ്റ്റ് ഓസ്‌ട്രേലിയ ജയിക്കുകയും അഞ്ചാം ടെസ്റ്റ് തോൽക്കുകയും ചെയ്താലും ഇതു തന്നെയായിരിക്കും സാഹചര്യം.
അതേസമയം, ഇന്ത്യ ഇപ്പോൾ നടക്കുന്ന നാലാം ടെസ്റ്റ് സമനിലയിൽ പിടിക്കുകയും അഞ്ചാം ടെസ്റ്റ് ജയിക്കുകയും ചെയ്താൽ ഫൈനൽ സാധ്യത ശക്തമാകും. ഇങ്ങനെയൊരു സാഹചര്യത്തിൽ ഓസ്‌ട്രേലിയക്ക് ഇന്ത്യയെ മറികടക്കാൻ ശ്രീലങ്കയെ അവരുടെ നാട്ടിൽ രണ്ടു വട്ടം തോൽപ്പിക്കേണ്ടി വരും.
ഇന്ത്യ നാലാം ടെസ്റ്റിൽ തോൽക്കുകയും അഞ്ചാം ടെസ്റ്റിൽ സമനില നേടുകയും ചെയ്യുകയാണെങ്കിലും ഓസ്‌ട്രേലിയക്കു തന്നെയാകും മുൻതൂക്കം. രണ്ടു ടെസ്റ്റും സമനിലയായാൽ ഓസ്‌ട്രേലിയക്ക് ശ്രീലങ്കയെ ഒരു വട്ടം തോൽപ്പിച്ച് ഫൈനൽ ഉറപ്പിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്