ന്യൂഡല്‍ഹി: വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് വിദേശ യാത്രക്കാരുടെ വിവരങ്ങള്‍ വിമാനക്കമ്പനികള്‍ ഇന്ത്യന്‍ കസ്റ്റംസ് അധികൃതര്‍ക്ക് നല്‍കണമെന്ന ചട്ടം വരുന്നു. ഇത് രാജ്യത്തെ വിമാനയാത്രയുടെ സുരക്ഷിതത്വവും കാര്യക്ഷമതയും വര്‍ധിപ്പിക്കുക മാത്രമല്ല, കള്ളക്കടത്തിന് തടയിടുകയും ചെയ്യും. ഈ വിവരക്കൈമാറ്റം 2025 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ബന്ധമാക്കുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസിന്റെ (സി.ബി.ഐ.സി) ഭേദഗതി കഴിഞ്ഞയാഴ്ച പുറത്തിറക്കിയിരുന്നു.
അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വ്യോമയാന മേഖലയുടെ കുതിപ്പിന് ഈ തീരുമാനം പുതിയ ഊര്‍ജ്ജം പകരും. നിര്‍ദേശം പാലിക്കാത്ത വിമാനക്കമ്പനികള്‍ക്ക് പിഴ ചുമത്താനും വകുപ്പുണ്ട്. ഓരോ ലംഘനത്തിനും 25,000 രൂപ മുതല്‍ 50,000 രൂപ വരെ. ആവശ്യപ്പെടുന്ന വിവരങ്ങള്‍ പങ്കുവെക്കാത്ത വിമാനക്കമ്പനികള്‍ക്ക് പിഴ വിധിക്കുന്നത് ചട്ടം ഗൗരവത്തോടെ പാലിക്കപ്പെടുന്നു എന്നത് ഉറപ്പാക്കുക മാത്രമല്ല, വിമാനക്കമ്പനികളുടെ ഉത്തരവാദിത്വബോധവും വളര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയില്‍ നിന്നും തിരിച്ചും വിമാനയാത്രകള്‍ നടത്തുന്ന എല്ലാ വിമാന കമ്പനികളും നാഷണല്‍ കസ്റ്റംസ് ടാര്‍ഗെറ്റിംഗ് സെന്റര്‍- പാസഞ്ചറില്‍ (എന്‍.സി.ടി.സി പാക്‌സ്) ജനുവരി പത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
പാസഞ്ചര്‍ നെയിം റെക്കോഡ് ഫോര്‍ ഗവണ്‍മെന്റ് (പി.എന്‍.ആര്‍.ജി.ഒ.വി) സമ്പ്രദായം സന്നദ്ധത അറിയിച്ചിട്ടുള്ള വിമാനക്കമ്പനികളുമായി ചേര്‍ന്ന് 2025 ഫെബ്രുവരി പത്തു മുതല്‍ നടപ്പാക്കും. സ്വതന്ത്ര വിമാനക്കമ്പനികള്‍ക്ക് ഏപ്രില്‍ ഒന്ന് മുതലും ജി.ഡി.എസ് മുഖാന്തിരം പ്രവര്‍ത്തിക്കുന്നവയ്ക്ക് ജൂണ്‍ ഒന്നുമുതലും പൂര്‍ണതോതില്‍ നടപ്പാക്കും.
ഭീകരവാദം, മയക്കുമരുന്നു കടത്ത്, മനുഷ്യക്കടത്ത്, അപൂര്‍വമൃഗക്കടത്ത് തുടങ്ങിയവ ചെറുക്കുന്നതില്‍ രഹസ്യവിവരങ്ങള്‍ നിര്‍ണായകമാണ്. യാത്രക്കാരുടെ വിവരങ്ങള്‍ യാത്രയ്ക്ക് 24 മണിക്കൂറിനു മുമ്പ് പങ്കുവെക്കുന്നത് നിര്‍ബന്ധിതമാക്കുന്നത് ഡേറ്റയിലെ അസ്വാഭാവികതകളും പൊരുത്തക്കേടുകളും വിശകലനം ചെയ്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കൃത്യതയോടെ തടയാന്‍ ഇന്ത്യന്‍ കസ്റ്റംസിനെ സഹായിക്കും. കള്ളക്കടത്തു നടത്താന്‍ സാധ്യതയുള്ളവരെ വിമാനം ഇറങ്ങും മുമ്പുതന്നെ കണ്ടെത്തുന്നതിനും പരിശോധനകള്‍ ഭാഗ്യപരീക്ഷണമാവാതെ, ലക്ഷ്യബോധമുള്ളവയാകുന്നതിനും അത് സഹായിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്