പിറവം: ജന്മനാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമായും രാജീവ് ഗാന്ധി കൾച്ചറൽ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന 13-ാമത് 'അമ്മയോടൊപ്പം' ജീവകാരുണ്യ ചടങ്ങിൽ പിറവത്തെ നൂറുകണക്കിന് നിർധന വിധവകളായ അമ്മമാരെ ഉപഹാരങ്ങൾ നൽകി ആദരിക്കുന്നു. നാളെ (ജനുവരി 5, ഞായർ) ഉച്ചയ്ക്ക് ഒരു മണിക്ക് പിറവം കമ്പാനിയൻസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
തദവസരത്തിൽ എണ്ണൂറോളം നിർധന വിധവകളായ അമ്മമാർക്ക് പുതുവർഷ സമ്മാനമായി കൈനീട്ടം, വസ്ത്രം, ധാന്യക്കിറ്റ്, നാഗാർജ്ജുന ആയുർവ്വേദ മെഡിക്കൽ കിറ്റ്, സ്‌നേഹവിരുന്ന് എന്നിവ നൽകി ആദരിക്കും. രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ രക്ഷാധികാരി കൂടിയായ പിറവം സ്വദേശി ബേബി മണക്കുന്നേൽ, ഫോമായുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷം പങ്കുവച്ച് അദ്ദേഹത്തെ വേദിയിൽ വച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ ആദരിക്കുന്നതാണ്.
അമ്മയോടൊപ്പം പദ്ധതിയിൽ ഫോമായുടെ കൈത്താങ്ങ് എന്നും നന്ദിയോടെ സ്മരിക്കുന്നുവെന്ന് രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ 12 വർഷമായി മുടങ്ങാതെ നടത്തിവരുന്ന ജീവകാരുണ്യ പരിപാടിയാണിത്. ചടങ്ങിൽ ഇന്ത്യയിലെ പ്രമുഖ പ്രൈവറ്റ് ഡെറ്റ് പ്രൊവൈഡിംഗ് കമ്പനിയായ ഹാലോ എയർവെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡിയും പിറവം സ്വദേശിയും മികച്ച യുവ സംരംഭകനുമായ ഷോബി റ്റി. പോൾ, പിറവം സ്വദേശിയായ ചെറുകഥാകൃത്ത് എസ്. സജിനി എന്നിവരേയും ആദരിക്കും.
രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ചെയർമാൻ സാബു കെ. ജേക്കബ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മുൻ എം.എൽ.എമാരായ വി.ജെ. പൗലോസ്, എം.ജെ. ജേക്കബ്, കൊച്ചി മുൻ മേയർ സൗമിനി ജെയിൽ, ഫോമാ ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ പി. ജോസ്, ഫോമാ 2026 കൺവൻഷൻ ജനറൽ കൺവീനർ സുബിൻ കുമാരൻ, സതേൺ റീജിയൺ വൈസ് പ്രസിഡന്റ് ബിജു ലോസൺ, എ.സി. പീറ്റർ (റോട്ടറി ഇന്റർനാഷണൽ), തോമസ് പുളിക്കൽ (യു.കെ. മലയാളി അസോസിയേഷൻ) തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിക്കും.
ഇപ്പോൾ നാട്ടിൽ എത്തിയിട്ടുള്ള ഫോമായുടെ അഭ്യുദയകാംക്ഷികൾ ഈ മഹനീയ ചടങ്ങിൽ സംബന്ധിക്കണമെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ അഭ്യർത്ഥിച്ചു.
എ.എസ്. ശ്രീകുമാർ ഫോമാ ന്യൂസ് ടീം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്