ന്യൂഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജി ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മോശമായി തുടരുന്നതിനിടെ. കനേഡിയന്‍ പൗരനായ ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ട്രൂഡോയുടെ ആരോപണമാണ് ബന്ധം വഷളാക്കിയത്.
നിജ്ജര്‍ 2023 ജൂണില്‍ കാനഡയിലെ സറേയില്‍ കൊല്ലപ്പെട്ടു. കൊലയില്‍ ഇന്ത്യക്കു പങ്കുണ്ടെന്നതിന് വിശ്വസനീയമായ ആരോപണങ്ങളുണ്ടെന്ന് 2023 സെപ്റ്റംബറില്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇന്ത്യ ഈ ആരോപണം തള്ളി. ഇരുരാജ്യവും നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. ഉഭയകക്ഷിബന്ധം വഷളായി. ഖലിസ്താന്‍ അനുകൂലികളെ ട്രൂഡോ സംരക്ഷിക്കുന്നുവെന്ന് ഇന്ത്യ ആരോപണമുയര്‍ത്തി. കാനഡയിലെ വോട്ടുബാങ്കായ ഖലിസ്താന്‍കാരെ പ്രീതിപ്പെടുത്താനാണ് ട്രൂഡോയുടെ ശ്രമമെന്ന് കുറ്റപ്പെടുത്തി.
ട്രൂഡോയെ താങ്ങിനിര്‍ത്തിയിരുന്നത് ഖലിസ്താനോട് അനുഭാവമുള്ള ജഗ്മീത് സിങ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയായിരുന്നു. പാര്‍ട്ടി പിന്തുണ പിന്‍വലിച്ചെന്നു മാത്രമല്ല, ട്രൂഡോയ്‌ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന ഭീഷണിമുഴക്കി. ലിബറല്‍ പാര്‍ട്ടിയംഗമായിരുന്ന ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീന്‍ലന്‍ ഡിസംബര്‍ 16-ന് രാജിവെച്ചിരുന്നു. ഇക്കൊല്ലം ഓഗസ്റ്റ് അവസാനത്തോടെ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കാനഡയില്‍ ട്രൂഡോയുടെ ജനപ്രീതി നാള്‍ക്കുനാള്‍ ഇടിയുകയാണ്. പ്രതിപക്ഷമായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ഗംഭീരവിജയം നേടുമെന്നാണ് അഭിപ്രായസര്‍വേ ഫലങ്ങള്‍. കനേഡിയന്‍ സ്ഥാപനമായ ആങ്കസ് റീഡ് ഡിസംബര്‍ 24-ന് പുറത്തുവിട്ട അഭിപ്രായസര്‍വേ ഫലമനുസരിച്ച് 68 ശതമാനം പേര്‍ക്ക് ട്രൂഡോയോട് താത്പര്യമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്