ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ ഇന്ത്യയെ ഒന്നാമത് എത്തിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല. എഐ സാങ്കേതിക വിദ്യയുടെ പ്രയോജനം ഓരോ ഇന്ത്യക്കാരനും ലഭിക്കുന്ന തരത്തില്‍ വലിയ വിപുലീകരണത്തിനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നതെന്നും സത്യ നദെല്ല വ്യക്തമാക്കി. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച ശേഷം ലിങ്ക്ഡിനില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു സത്യ നദെല്ല ഇക്കാര്യം വ്യക്തമാക്കിയത്.
മൈക്രോസോഫ്റ്റ് എഐ ടൂര്‍ ന്യൂഡല്‍ഹി ഇവന്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സത്യ നദെല്ല. എഐ സാങ്കേതിക വിദ്യയില്‍ ഇന്ത്യയെ ഒന്നാമത് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നല്‍കുന്ന പ്രോത്സാഹനത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ഓരോ ഇന്ത്യക്കാരനും ആ മാറ്റത്തിന്റെ ഗുണഫലം ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ നടത്തുന്ന വിപുലീകരണ പ്രവര്‍ത്തനത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതും ആവേശകരമാണെന്നും സത്യ നദെല്ല കുറിച്ചു.
എക്സിലും ത്രെഡ്സിലും അദ്ദേഹം ലിങ്ക്ഡിന്‍ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. സത്യ നദെല്ലയുടെ പോസ്റ്റ് പ്രധാനമന്ത്രിയും പിന്നീട് പങ്കുവെച്ചു. മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ വിപുലീകരണവും നിക്ഷേപ പദ്ധതികളും അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ആയിരുന്നു പോസ്റ്റ് പങ്കുവെച്ച് പ്രധാനമന്ത്രി കുറിച്ചത്. കൂടിക്കാഴ്ചയില്‍ ടെക്നോളജി, ഇന്നൊവേഷന്‍, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളുടെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മൈക്രോസോഫ്റ്റിന്റെ ഗ്ലോബല്‍ എഐ ടൂറിന്റെ ഭാഗമായിട്ടാണ് ഡല്‍ഹിയിലെ പരിപാടി. സംരംഭകരെയും സാങ്കേതിക വൈദഗ്ധ്യമുള്ളവരെയും ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സത്യ നദെല്ല ഉള്‍പ്പെടെയുള്ള മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവുകളുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്