ജയം രവിയെ നായകനാക്കി കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാതലിക്ക നേരമില്ലൈ'. റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഒരു സെലിബ്രേഷൻ മൂഡിലുള്ള കളർഫുൾ ചിത്രമാണ് കാതലിക്ക നേരമില്ലൈ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രം പൊങ്കൽ റിലീസായി ജനുവരി 14 ന് തിയേറ്ററിലെത്തും.
ഒന്നിൽ അധികം പ്രണയ ബന്ധങ്ങളുമായി നടക്കുന്ന ജയം രവിയും ഗർഭിണിയായ നിത്യ മേനോനും തമ്മിലുള്ള രംഗങ്ങളും രസകരമായ മുഹൂർത്തങ്ങളുമാണ് ട്രെയിലറിൽ ഉടനീളം. പറഞ്ഞു കേട്ട ചില കഥകളാണ് സിനിമയ്‍ക്ക് അടിസ്ഥാനമെന്ന് കൃതിക ഉദയനിധി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ചില യഥാർഥ സംഭവങ്ങളും തന്റെ സിനിമയ്‍ക്ക് പ്രചോദനമായെന്നനും കൃതിക ഉദയനിധി വെളിപ്പെടുത്തി.
ചിത്രത്തിലെ ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എ.ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ‘യെന്നൈ ഇഴുക്കതടി’ എന്ന ഗാനമാണ് പ്രേക്ഷക പ്രീതി നേടിയത്. വിവേകാണ് വരികളെഴുതിയിരിക്കുന്നത്. സർക്കസിന്റെ പശ്ചാത്തലത്തിൽ നൂൽപ്പാവ രൂപത്തിൽ നിൽക്കുന്ന ഡാൻസേഴ്‌സിനൊപ്പം ആട്ടവും പാട്ടുമായാണ് താരങ്ങളെത്തുന്നത്. ഗാനത്തിലെ ഹൂക്ക് സ്റ്റെപ്പും വരികളുമാണ് പ്രേക്ഷകരെ ആകർഷിച്ചത്.
ജയം രവിയും ഒരു കരിയർ ബ്രേക്കിന് ശേഷം എത്തുന്ന ചിത്രം എന്ന പ്രത്യേകത കാതലിക്ക നേരമില്ലൈ എന്ന പുത്തൻ ചിത്രത്തിനുണ്ട്. സമീപകാലത്ത് വൻ വിജയങ്ങൾ നേടാൻ താരത്തിന് സാധിച്ചിരുന്നില്ല. അതിനാൽ തന്നെ കാതലിക്കാ നേരമില്ലൈ ചിത്രത്തിലാണ് ജയം രവി ആരാധകരുടെ പ്രതീക്ഷ.
റെഡ് ജെയന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ ആണ് സിനിമ നിർമിച്ചിരിക്കുന്നത്. യോഗി ബാബു, വിനയ് റായ്, ലാൽ, ലക്ഷ്മി രാമകൃഷ്ണൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വണക്കം ചെന്നൈ, കാളി എന്നീ സിനിമകൾക്ക് ശേഷം കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാതലിക്ക നേരമില്ലൈ'. ദീപാവലി റിലീസായെത്തിയ ജയം രവിയുടെ ബ്രദറിന് തിയേറ്ററുകളിൽ വിജയം നേടാനായിരുന്നില്ല. 'കാതലിക്ക നേരമില്ലൈ'യിലൂടെ ബോക്‌സ് ഓഫീസിൽ ചലനം സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നടൻ. ദേശീയ പുരസ്‌കാരം നേടിയ 'തിരുച്ചിത്രമ്പല'ത്തിന് ശേഷം നിത്യ മേനൻ തമിഴ് സ്‌ക്രീനുകളിലെത്തുന്ന ചിത്രമാണ് ഇത്. എം. ഷേൻഭാഗ മൂർത്തി, ആർ അർജുൻ ദുരൈ എന്നിവരാണ് സിനിമയുടെ സഹനിർമാതാക്കൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്