ലോസ് ഏഞ്ചല്‍സ്: ന്യൂഇയര്‍ ദിനം മുതല്‍ അമേരിക്കയെ വിടാതെ പിന്തുടരുകയാണ് ദുരന്തങ്ങള്‍. ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ഏവരും കിടപ്പാടം ഉപേക്ഷിച്ച് ഓടുന്ന കാഴ്ചയാണ് ലോസ് ഏഞ്ചല്‍സില്‍. ജീവഭയത്താല്‍ 30,000 പേരാണ് ഇതിനോടകം വീടുവിട്ട് ഓടിപ്പോയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ചിലര്‍ തങ്ങളുടെ കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മറ്റുചിലര്‍ നഗ്‌നപാദങ്ങളാല്‍ ജീവനും കൊണ്ടോടുന്നതായിരുന്നു കാഴ്ച. ഹോളിവുഡ് സെലിബ്രിറ്റികളടക്കം ഇതില്‍ ഉള്‍പ്പെടുന്നു.
കാട്ടുതീയെ തുടര്‍ന്ന് പസിഫിക് പാലിസേഡ്‌സിലെ 1,200 ഹെക്ടര്‍ ഭൂമിയാണ് കത്തിയെരിഞ്ഞത്. നിരവധി കെട്ടിടങ്ങളും നശിച്ചു. സാന്റാമോണിക്ക, മാലിബു എന്നീ ബീച്ച് ടൗണുകള്‍ക്കിടയിലാണ് പസിഫിക് പാലിസേഡ്‌സ് സ്ഥിതിചെയ്യുന്നത്. നിരവധി സിനിമാ താരങ്ങളുടെയും പ്രമുഖ ഗായകരുടെയും വസതികള്‍ ഇവിടെയുണ്ട്. കാട്ടുതീ വ്യാപിച്ചത് മുതല്‍ തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം.
രണ്ട് പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരത്തോളം വീടുകള്‍ കത്തിയെരിഞ്ഞെന്നാണ് പ്രാഥമിക വിവരം. ലോസ് ഏഞ്ചല്‍സിലെ രണ്ട് ലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതിയുമില്ല. കാലിഫോര്‍ണിയ ഗവര്‍ണര്‍ ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ ജീവനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും പ്രിയപ്പെട്ടവരോടൊപ്പം വീടുകളില്‍ നിന്ന് വേഗമിറങ്ങാനും ലോസ് ഏഞ്ചല്‍സ് കൗണ്ടി ഷെരിഫ് ഉത്തരവിട്ടു. വീടൊഴിഞ്ഞ് ഇറങ്ങാന്‍ നിര്‍ദേശം ലഭിച്ചതില്‍ കമലാ ഹാരിസിന്റെ വസതിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്