കൊച്ചി: വാളയാർ കേസിൽ സിബിഐയുടെ അപ്രതീക്ഷിത നീക്കം. വാളയാർ കേസിൽ അച്ഛനെയും അമ്മയെയും പ്രതി ചേർത്ത് സിബിഐ കുറ്റപത്രം. ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. നേരത്തേയുള്ള കുറ്റപത്രത്തിനു പുറമേ അഡീഷണൽ കുറ്റപത്രത്തിലാണ് മാതാപിതാക്കളേയും പ്രതിചേർത്തത്.
പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്. ഒരു വർഷമായി നടത്തിയ അന്വേഷണത്തിനൊടുവിൽ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ നടപടി.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാർച്ച് നാലിന് ഇതേ വീട്ടിൽ അതേ കഴുക്കോലിൽ അനുജത്തി ഒൻപത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
13 വയസ്സുള്ള പെൺകുട്ടിയും 9 വയസ്സുള്ള അനുജത്തിയും ലൈംഗിക അതിക്രമത്തിന് ഇരകളായിരുന്നു. ഒരു തവണയല്ല, പല തവണ. കൊന്ന് കെട്ടിത്തൂക്കാനുള്ള സാധ്യതകളിലേക്കുള്ള സംശയങ്ങൾ കൂടി വെളിപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇളയ പെൺകുട്ടിയുടെ ഉയരം 129 സെ മീ. കുട്ടി കൈ പരമാവധി ഉയർത്തിപ്പിടിച്ചാൽ ഉയരം 152 സെ മീ. വീടിന്റെ തറയിൽ നിന്ന് കഴുക്കോലിലേക്കുള്ള ഉയരം 292 സെ മീ. പിന്നെ എങ്ങനെ 9 വയസ്സുള്ള കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് ഉറപ്പിക്കും. 2017 മാർച്ച് ആറിന് പാലക്കാട് എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
2017 മാർച്ച് 12 ന് മരിച്ച കുട്ടികൾ പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂൺ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 2019 ഒക്ടോബർ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേർത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്