നോർവേ ഓപ്പൺ ചെസിന്റെ ആറാം റൗണ്ടിൽ ലോക ഒന്നാം നമ്പർ താരം മാഗ്‌നസ് കാൾസനെ വീഴ്ത്തി ഇന്ത്യയുടെ ലോക ചാമ്പ്യൻ ഡി. ഗുകേഷ്. ലോക മുൻ ചാമ്പ്യനായ കാൾസനെതിരെ ക്ലാസിക്കൽ ടൈം കൺട്രോൾ മത്സരത്തിൽ കാൾസനെതിരെ ഗുകേഷിന്റെ ആദ്യ ജയമാണിത്. വെളുത്ത കരുക്കളുമായി കളിച്ച ഗുകേഷിനെതിരെ മത്സരത്തിന്റെ ആദ്യഘട്ടം മുതൽ കാൾസനാണ് ആധിപത്യം പുലർത്തിയിരുന്നതെങ്കിലും അന്ത്യഘട്ടത്തിൽ കാൾസന് സംഭവിച്ച വലിയ പിഴവ് മത്സരത്തിൽ വഴിത്തിരിവായി.
ക്ലാസിക്കൽ ഫോർമാറ്റിൽ ഗുകേഷിന്റെ മികവിനെ ഇടക്കിടെ വിമർശിക്കുന്ന താരമായ കാൾസൺ തോൽവിക്ക് പിന്നാലെ ചെസ് ബോർഡിൽ ആഞ്ഞടിച്ചാണ് മത്സരവേദി വിട്ടത്. ക്ലാസിക്കൽ ഗെയിമിൽ സമയത്തിന്റെ സമ്മർദ്ദം ഉണ്ടാകുമ്പോൾ ഗുകേഷ് പലപ്പോഴും പതറാറുണ്ടെന്ന് കാൾസൻ മുമ്പ് വിമർശിച്ചിരുന്നു. മത്സരശേഷം രോഷാകുലനായി ചെസ് ബോർഡിൽ ആഞ്ഞടിച്ച് അതിവേഗം പുറത്തേക്ക് പോയ കാൾസൻ കാറിൽ കയറി പോവുകയായിരുന്നു. നേരത്തെ ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ കറുത്ത കരുക്കളുമായി കളിച്ചപ്പോൾ കാൾസനെതിരെ ഗുകേഷ് തോൽവി വഴങ്ങിയിരുന്നു. ഇതിനുശേഷം കാൾസനിട്ട സോഷ്യൽ മീഡിയ പോസ്റ്റ് രാജാവിനെതിരെയാണ് നിങ്ങൾ കളിക്കുന്നത്, അതുകൊണ്ട് ഒരു ചുവടും പിഴക്കരുത് എന്നായിരുന്നു. ക്ലാസിക്കൽ ചെസിലെ രാജാവ് താൻ മാത്രമാണെന്ന കാൾസന്റെ പ്രഖ്യാപനമായാണ് ആരാധകർ ഈ പോസ്റ്റിനെ കണ്ടത്.
തുടർച്ചയായ രണ്ടാം വർഷമാണ് ക്ലാസിക്കൽ ഫോർമാറ്റിൽ ഒരു ഇന്ത്യൻ താരത്തോട് കാൾസൻ തോൽവി വഴങ്ങുന്നത്. കഴിഞ്ഞവർഷം ആർ. പ്രഗ്‌നാനന്ദയും കാൾസനെ സ്വന്തം തട്ടകത്തിൽ അട്ടിമറിച്ചിരുന്നു. കളിയുടെ ഭൂരിഭാഗം സമയവും ആധിപത്യം പുലർത്തിയ കാൾസന് നൊടിയിടയിലാണ് മത്സരം കൈവിട്ടുപോയത്. കാൾസൻ ആക്രമിക്കുമ്പോൾ പ്രതിരോധത്തിലൂന്നി കളിച്ച ഗുകേഷ് കിട്ടിയ അവസരം മുതലെടുത്ത് ജയിച്ചു കയറി. ക്ലാസിക്കൽ ചെസിൽ അപൂർവമായി മാത്രമാണ് കാൾസന് തോൽവിയും പിഴവും പറ്റാറുള്ളതെന്നും അതുകൊണ്ട് തന്നെ ഈ തോൽവി അദ്ദേഹത്തെ തളർത്തുമെന്നും മുൻ ചെസ് താരം സൂസൻ പോൾഗാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്