കൊല്ലം: കേരള ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്ന തേവള്ളി പൈനുംമുട്ടിൽ വീട്ടിൽ നജിമുദ്ദീൻ (72) അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം.
ഒരുകാലത്ത് കേരളത്തിനകത്തും പുറത്തുമുള്ള കാൽപ്പന്തുകളങ്ങളെ ആരവങ്ങളിൽ ആറാടിച്ച പേരായിരുന്നു നജിമുദ്ദീൻ. അപാരവേഗവും സാങ്കേതികത്തികവും ഒത്തിണങ്ങിയ നജിമുദ്ദീന്റെ ചലനങ്ങൾ ഗാലറിയിൽ ആവേശത്തിരമാലകൾ സൃഷ്ടിച്ചു. നജിമുദ്ദീൻ-സേവ്യർ പയസ് ജോഡിയുടെ കേളീ മുഹൂർത്തങ്ങൾ കാണാൻ നാടുമുഴുവൻ ഒഴുകിയെത്തിയിരുന്ന കാലമുണ്ടായിരുന്നു.
സന്തോഷ് ട്രോഫി ജേതാവും മുൻ കേരള ഫുട്‌ബോൾ ടീം നായകനുമായ നജിമുദ്ദീൻ എട്ട് വർഷത്തോളം കേരളത്തിനായും രണ്ട് പതിറ്റാണ്ടോളം ട്രാവൻകൂർ ടൈറ്റാനിയത്തിനായും ബൂട്ടണിഞ്ഞിട്ടുണ്ട്. റഷ്യയ്കക്കും ഹംഗറിക്കുമെതിരെ നടന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായവുമണിഞ്ഞിട്ടുണ്ട്. ടൈറ്റാനിയം ടീമിന്റെ പരിശീലകനുമായിരുന്നു. 1975 ൽ മികച്ച കായിക താരത്തിനുള്ള ജി.വി. രാജ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്.
1972ൽ കേരള യൂണിവേഴ്‌സിറ്റി താരമായി ഫുട്‌ബോളിലേക്ക് ചുവടുവച്ച നജിമുദ്ദീൻ 73ൽ ട്രാവൻകൂർ ടൈറ്റാനിയത്തിനായി കളത്തിലിറങ്ങിയതോടെയാണ് കരിയറിൽ വലിയ മാറ്റങ്ങൾ വന്നത്. പിന്നീടങ്ങോട്ടുള്ള പ്രകടനങ്ങൾ അദ്ദേഹത്തെ കേരളത്തിന്റെ എക്കാലത്തെയും മികച്ച മുന്നേറ്റ താരമാക്കി മാറ്റി.
1973ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫിയിൽ മുത്തമിടുമ്പോൾ ഫൈനലിലെ ക്യാപ്ടൻ മണിയുടെ മൂന്ന് ഗോളുകളിൽ രണ്ടെണ്ണത്തിന് വഴിയൊരുക്കിയത് നജിമുദ്ദീനായിരുന്നു. സന്തോഷ് ട്രോഫി നേടിയ ടീമിൽ നിന്ന് നജിമുദ്ദീന്റെ നേതൃത്വത്തിൽ ഒരുകൂട്ടം താരങ്ങൾ ടൈറ്റാനിയത്തിലേക്ക് വന്നതോടെയാണ് കേരള ഫുട്‌ബോളിൽ ടൈറ്റാനിയത്തിന്റെ തേരോട്ടം തുടങ്ങിയത്. കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഏറ്റുമുട്ടുന്നതുപോലെയായിരുന്നു അക്കാലത്ത് ടൈറ്റാനിയവും പ്രിമിയർ ടയേഴ്‌സും തമ്മിലുള്ള മത്സരങ്ങൾ.
1979 ൽ കേരള ടീം ക്യാപ്ടനായി. 1973 മുതൽ 1992 വരെയായിരുന്നു ടൈറ്റാനിയത്തിനായി കളത്തിലിറങ്ങിയത്. 1977ൽ ഇന്ത്യയ്ക്കുവേണ്ടി സൗഹൃദമത്സരവും കളിച്ചിട്ടുണ്ട്. റഷ്യ, ഹംഗറി ടീമുകൾക്ക് എതിരേയായിരുന്നു ദേശീയ കുപ്പായത്തിൽ പന്തുതട്ടിയത്.
ഇന്ത്യൻ ക്‌ളബ് ഫുട്‌ബോളിന്റെ തലസ്ഥാനമായ കൊൽക്കത്തയിൽ നിന്ന് മുൻനിര ക്‌ളബുകൾ മാറിമാറി വിളിച്ചിട്ടും പോകാൻ കൂട്ടാക്കാത്ത അപൂർവ്വം ചിലകളിക്കാരിൽ ഒരാളായിരുന്നു നജിമുദ്ദീൻ. പ്രിമിയർ ടയേഴ്‌സിൽ നിന്ന് നജീബ് ഉൾപ്പടെയുള്ള താരങ്ങൾ കൊൽക്കത്തയിലേക്ക് ചേക്കേറിയപ്പോഴും ടൈറ്റാനിയത്തിലെ തന്റെ ജീവിതവും കളിയും നിറഞ്ഞ മനസോടെ ആസ്വദിക്കുകയായിരുന്നു അദ്ദേഹം. നജിമുദ്ദീൻ നെടുംതൂണായി നിലയുറപ്പിച്ച കാലമത്രയും ടൈറ്റാനിയം കേരള ഫുട്‌ബോളിലെ ഒറ്റക്കൊമ്പനായി തലയെടുത്തു വിലസുകയും ചെയ്തു. പിന്നീടാണ് കേരള പൊലീസ് ആ റോളിലേക്ക് കടന്നുവന്നത്.
കളിക്കളത്തിൽ നിന്ന് വിരമിച്ചശേഷം കുറച്ചുനാൾ പരിശീലകനായും നജിമുദ്ദീൻ ഫുട്‌ബോളിനൊപ്പമുണ്ടായിരുന്നു. ടൈറ്റാനനിയത്തിൽ നിന്ന് വിരമിച്ച ശേഷമാണ് ജന്മനാടായ കൊല്ലത്തേക്ക് മാറിയത്. 2017ൽ തിരുവനന്തപുരത്തെ ജി.വി രാജ ഫുട്‌ബോൾ ടൂർണമെന്റിനോടനുബന്ധിച്ച് വെറ്ററൻ താരങ്ങളുടെ പ്രദർശനമത്സരം നടന്നപ്പോൾ അതിൽ പങ്കെടുക്കാൻ ആവേശത്തോടെ എത്തിയിരുന്നു. പന്തിനോടുള്ള പ്രണയം ഒരിക്കലും അവസാനിക്കുന്നില്ലെന്നാണ് അന്നുകണ്ടപ്പോൾ അദ്ദേഹം പറഞ്ഞത്.
2009 ൽ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സിൽ നിന്ന് അസിസ്റ്റന്റ് മാനേജരായി വിരമിച്ചു.
ഭാര്യ: നസീം ബീഗം.
മക്കൾ: സോഫിയ, സുമയ്യ, സാദിയ.
മരുമക്കൾ: സുനിൽ സെയ്ദ് (ജിദ്ദ), ശിഹാബ് മുഹമ്മദ് അലി, റഷീദ്.
സംസ്‌കാരം മെയ് 23ന് വെള്ളിയാഴ്ച രാവിലെ 9.30ന്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്