അഹമ്മദാബാദ് : പളേ ഓഫിൽ നിന്ന് നേരത്തേ പുറത്തായിക്കഴിഞ്ഞ ലക്‌നൗ സൂപ്പർ ജയന്റ്‌സ് ഇന്നലെ നടന്ന ഐ.പി.എൽ മത്സരത്തിൽ പളേ ഓഫ് ഉറപ്പിച്ച ഗുജറാത്ത് ടൈറ്റാൻസിനെ 33 റൺസിന് തോൽപ്പിച്ചു. തോറ്റെങ്കിലും ടൈറ്റാൻസ് ഒന്നാമതായി തുടരുകയാണ്.
ഇന്നലെ അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്‌നൗ നേടിയത്. സെഞ്ച്വറി നേടിയ ഓപ്പണർ മിച്ചൽ മാർഷും (117) അർദ്ധസെഞ്ച്വറി നേടിയ നിക്കോളാസ് പുരാനും (56) ചേർന്നാണ് ലക്‌നൗവിനെ കൂറ്റൻ സകോറിലേക്ക് നയിച്ചത്. മറുപടിക്കിറങ്ങിയ ഗുജറാത്തിന് 202/9 എന്ന സകോറിലെത്താനേ കഴിഞ്ഞുള്ളൂ.
ഓപ്പണിംഗിൽ എയ്ഡൻ മാർക്രമി(36)നൊപ്പം 9.5 ഓവറിൽ 91 റൺസാണ് മാർഷ് കൂട്ടിച്ചേർത്തത്. മാർക്രമിനെ സായ് കിഷോർ പുറത്താക്കിയശേഷമെത്തിയ പുരാനൊപ്പം 121 റൺസും മാർഷ് കൂട്ടിച്ചേർത്തു. 64 പന്തുകളിൽ 10 ഫോറുകളും എട്ട് സിക്‌സുകളും മാർഷ് പായിച്ചു. 19ാം ഓവറിലാണ് മാർഷ് മടങ്ങിയത്. പുരാൻ 27 പന്തുകളിൽ നാലുഫോറുകളും അഞ്ച് സിക്‌സുകളും പായിച്ചാണ് 56 റൺസുമായി പുറത്താകാതെ നിന്നു.
മറുപടിക്കിറങ്ങിയ ഗുജറാത്തിനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിൽ ഒ റൂർക്കേയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ആവേഷ് ഖാനും ആയുഷ് ബദോനിയും ഓരോ വിക്കറ്റ് വീഴ്ത്തിയ ആകാശ് സിംഗും ഷഹ്ബാസും ചേർന്നാണ് 202ലൊതുക്കിയത്. സായ് സുദർശൻ (21)ശുഭ്മാൻ ഗിൽ (35) ഓപ്പണിംഗ് സഖ്യത്തെ അഞ്ചാം ഓവറിൽ പിരിച്ച് ഒ റൂർക്കെയാണ് ടൈറ്റാൻസിന് ആദ്യ പ്രഹരം നൽകിയത്. തുടർന്ന് എട്ടാം ഓവറിൽ ആവേഷ് ഖാൻ ഗില്ലിനെയും 10ാം ഓവറിൽ ആകാശ് സിംഗ് ബട്ട്‌ലറെയും (33) പുറത്താക്കി 96/3 എന്ന നിലയിലാക്കി.
എന്നാൽ നാലാം വിക്കറ്റിൽ ഒരുമിച്ച ഷെർഫെയ്ൻ റൂതർഫോഡും (38) ഷാറൂഖ് ഖാനും (57) 86 റൺസ് കൂട്ടിച്ചേർത്ത് ടൈറ്റാൻസിന് വിജയപ്രതീക്ഷ നൽകി. പക്ഷേ 17ാം ഓവറിൽ റൂതർഫോഡിനെയും രാഹുൽ തെവാത്തിയയേയും (2) പുറത്താക്കി ഒ റൂർക്കേ ലക്‌നൗവിനെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു.
അവസാന 13 പന്തിനിടയിൽ നാലുവിക്കറ്റുകൾ കൂടി ടൈറ്റാൻസിന് നഷ്ടമായി.
13 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായാണ് ടൈറ്റാൻസ് ഒന്നാമതുള്ളത്.13 കളികളിൽ 12പോയിന്റുള്ള ലക്‌നൗ ആറാം സ്ഥാനത്താണ്. ഇരുവർക്കും ഓരോ മത്സരമാണ് ശേഷിക്കുന്നത്.
ഇന്നത്തെ മത്സരം : ആർ.സി.ബി Vs ഹൈദരാബാദ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്