ഷാർജ: ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ടി20 പരമ്പര 2-1ന് സ്വന്തമാക്കിയാണ് ചരിത്ര നേട്ടവുമായി യു.എ.ഇ ക്രിക്കറ്റ് ടീം. ഐ.സി.സി സ്ഥിരാംഗമായ ഒരു ടീമിനെതിരെ അസോസിയേറ്റ് ടീമായ യു.എ.ഇയുടെ ആദ്യ പരമ്പര നേട്ടമാണിത്. ആദ്യ മത്സരം 27 റൺസിന് തോറ്റ യു.എ.ഇ, രണ്ടാം മത്സരത്തിൽ രണ്ടു വിക്കറ്റിന് ജയിച്ചിരുന്നു. അവസാന മത്സരത്തിൽ ഏഴ് വിക്കറ്റിന് ജയിച്ചാണ് യു.എ.ഇ ചരിത്രമെഴുതിയത്.
അവസാന മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം അഞ്ചു പന്തുകൾ ബാക്കിനിൽക്കേ യു.എ.ഇ മറികടന്നു. 87 റൺസ് കൂട്ടിച്ചേർത്ത ആലിഷൻ ഷറഫു - ആസിഫ് ഖാൻ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് യു.എ.ഇയ്ക്ക് ജയമൊരുക്കിയത്. 47 പന്തിൽ മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം പുറത്താകാതെ 68 റൺസെടുത്ത ഷറഫുവാണ് ടോപ് സ്‌കോറർ. 26 പന്തുകൾ നേരിട്ട ആസിഫ് അഞ്ച് സിക്‌സടക്കം പുറത്താകാതെ 41 റൺസെടുത്തു. 29 റൺസെടുത്ത മുഹമ്മദ് സൊഹൈബും ഭേദപ്പെട്ട സംഭാവന നൽകി. ടോസ് നേടിയ യു.എ.ഇ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
യു.എ.ഇയോട് പരമ്പര തോൽക്കുന്ന ടെസ്റ്റ് പദവിയുള്ള ആദ്യ ടീമെന്ന നാണക്കേട് ബംഗ്ലദേശ് ചോദിച്ചുവാങ്ങിയതാണ്. ടൂർണമെന്റിൽ ആദ്യം രണ്ടു മത്സരങ്ങൾ മാത്രമാണുണ്ടായിരുന്നത്. മൂന്നാം ട്വന്റി20 വേണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് യു.എ.ഇയോട് ആവശ്യപ്പെടുകയായിരുന്നു. ബംഗ്ലാദേശിന്റെ പാക് പര്യടനം തീരുമാനമാകാതെ പോയതോടെയാണ് ബംഗ്ലാ ബോർഡ് യു.എ.ഇയിൽതന്നെ ഒരു മത്സരം കൂടി കളിക്കാൻ തയ്യാറായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്