ഐപിഎല്ലിൽ വിക്കറ്റെടുത്തശേഷം നോട്ട് ബുക്ക് സെലിബ്രേഷൻ നടത്തിയതിന് ലക്‌നൗ ലെഗ് സ്പിന്നർ ദിഗ്‌വേഷ് റാത്തിക്ക് വിലക്ക് ലഭിച്ചതിന് പിന്നാലെ നോട്ട് ബുക്ക് സെലിബ്രേഷൻ ആവർത്തിച്ച് മറ്റൊരു ലക്‌നൗ താരം. ഇന്നലെ അഹമ്മദാബാദിൽ നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ലക്‌നൗ പേസറായ ആകാശ് മഹാരാജ് സിംഗാണ് ദിഗ്‌വേഷിനെ അനുകരിച്ച് നോട്ട് ബുക്ക് സെലിബ്രേഷൻ നടത്തിയത്.
ഇന്നലെ ലക്‌നൗ ഉയർത്തിയ 236 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്തിന്റെ ജോസ് ബട്‌ലറെ പത്താം ഓവറിൽ ക്ലീൻ ബൗൾഡാക്കിയശേഷമാണ് ആകാശ് മഹാരാജ് സിംഗ് കൈകളിൽ എഴുതി നോട്ട് ബുക്ക് സെലിബ്രേഷൻ നടത്തിയത്. 18 പന്തിൽ 33 റൺസെടുത്ത ബട്‌ലറുടെ വിക്കറ്റ് മത്സരത്തിൽ നിർണായകമായിരുന്നു.
കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബദിന്റെ അഭിഷേക് ശർമയെ പുറത്താക്കിയശേഷം ദിഗ്‌വേഷ് റാത്തി നോട്ട് ബുക്ക് സെലിബ്രേഷൻ നടത്തിയതിന് ബിസിസിഐ അച്ചടക്ക സമിതി റാത്തിയെ ഒരു മത്സരത്തിൽ നിന്ന് വിലക്കിയിരുന്നു. പുറത്തായശേഷം ക്രീസ് വിടാനൊരുങ്ങിയ അഭിഷേക് റാത്തിയുടെ നോട്ട് സെലിബ്രേഷൻ കണ്ട് വാക്കു തർക്കത്തിൽ ഏർപ്പെടുകയും അമ്പയർമാർ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയും ചെയ്തിരുന്നു.
ടൂർണമെന്റിൽ മുമ്പും സമാനമായി നോട്ട് ബുക്ക് സെലിബ്രേഷൻ നടത്തിയതിന് ദിഗ്‌വേഷ് റാത്തിക് പിഴശിക്ഷ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ഗുജറാത്തിനെതിരെ ഇംപാക്ട് സബ്ബായി കളിച്ച ആകാശ് മഹാരാജ് സിംഗും നോട്ട് ബുക്ക് സെലിബ്രേഷൻ ആവർത്തിച്ചത്. ആകാശിനെതിരെ ബിസിസിഐ അച്ചടക്ക നടപടിയെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. മത്സരത്തിൽ 3.1 ഓവർ എറിഞ്ഞ ആകാശ് 29 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്