അടുത്ത ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും വ്യത്യസ്ത ഗ്രൂപ്പുകളിലായിരിക്കും കളിക്കുകയെന്ന് റിപ്പോർട്ട്.
ഇതുസംബന്ധിച്ചുള്ള തീരുമാനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) അടുത്തുതന്നെ എടുത്തേക്കും. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കവുമായി ഐ.സി.സി മുന്നോട്ടുപോകുന്നത്. ഈ വർഷം സെപ്തംബറിൽ ഏഷ്യാകപ്പും നടക്കുന്നുണ്ട്.
ജൂലൈയിൽ ഐ.സി.സിയുടെ വാർഷികയോഗം നടക്കുന്നുണ്ട്. ജൂലൈ 17 മുതൽ 20 വരെയാണ് യോഗം. ഈ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്‌തേക്കുമെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുവർഷങ്ങളിലായി ഒട്ടുമിക്ക ഐ.സി.സി ടൂർണമെന്റുകളിലും ഇന്ത്യ-പാക് മത്സരം ഗ്രൂപ്പ് സ്റ്റേജിൽ തന്നെ നടക്കാറുണ്ട്. എന്നാൽ 2026 ടി20 ലോകകപ്പിൽ ഇരുടീമുകളും വ്യത്യസ്ത ഗ്രൂപ്പുകളിലായിരിക്കും കളിക്കുകയെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
ഐ.സി.സി ടൂർണമെന്റുകളിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് കീഴിൽ നടക്കുന്ന ഏഷ്യാകപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ നടക്കാറുള്ളത്. 2008ലെ മുംബൈ ഭീകരാക്രമണത്തോടെ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. ആക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ വഷളായതിനാൽ, 2008ൽ ഏഷ്യാകപ്പിൽ പങ്കെടുത്തതിനുശേഷം ഇന്ത്യ, പാകിസ്താനിൽ പര്യടനം നടത്തിയിട്ടില്ല.
അടുത്തിടെ പാകിസ്താനിൽ നടന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്കായും ഇന്ത്യ, പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം ടൂർണമെന്റിനെ ഹൈബ്രിഡ് മോഡലിലാക്കി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിൽ നടത്തുകയായിരുന്നു. 2024-2027 കാലത്തിൽ ഇന്ത്യയിലോ പാകിസ്താനിലോ നടക്കുന്ന എല്ലാ ഐ.സി.സി ടൂർണമെന്റുകൾക്കും ഹൈബ്രിഡ് മോഡൽ ഏർപ്പെടുത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തീരുമാനിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്