മാഞ്ചസ്റ്റർ: നിർണായകമായ നാലാം ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഇന്ത്യയ്ക്കെതിരെ പിടിമുറക്കി ഇംഗ്ലണ്ട്. സെഞ്ച്വറികുറിച്ച് റെക്കാഡുകൾ തിരുത്തിയ ജോ റൂട്ടിന്റെ നേതൃത്വത്തിൽ മൂന്നാം ദിനവും ഇംഗ്ലീഷ് ബാറ്റർമാർ തിളങ്ങി. എന്നാൽ ഇന്നലെ അവസാന സമയത്ത് റൂട്ടിന്റേതുപ്പെടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്താനായത് ഇന്ത്യയ്ക്ക് ആശ്വാസമായി.
ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ 135 ഓവറിൽ 544/7 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 358 റൺസിന് ഓളൗട്ടായിരുന്നു. മൂന്ന് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് 186 റൺസിന്റെ ലീഡായി.
റൂട്ടിന്റെ സെഞ്ച്വറിയായിരുന്നു ഇന്നലത്തെ ഹൈലൈറ്റ്. 248 പന്തുകൾ നേരിട്ട റൂട്ട് 14 ഫോറുൾപ്പെടെ 150 റൺസ് നേടി.
225/2 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ഒല്ലി പോപ്പും (71), റൂട്ടും ചേർന്ന് പ്രശ്നങ്ങളില്ലാതെ മുന്നൂറും കടത്തി മുന്നോട്ടുകൊണ്ടുപോയി. ഇംഗ്ലീഷ് സ്‌കോർ 341ൽ വച്ച് പോപ്പിനെ രാഹുലിന്റെ കൈയിൽ എത്തിച്ച് സുന്ദറാണ് കൂട്ടുകെട്ട് പൊളിച്ചത്. ഇരുവരും മൂന്നാം വിക്കറ്റിൽ 144 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
അധികം വൈകാതെ ഹാരി ബ്രൂക്കിനെയും (3) പുറത്താക്കി സുന്ദർ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച റൂട്ടും ക്യാപ്ടൻ ബെൻ സ്റ്റോക്സും ഇംഗ്ലണ്ടിനെ കരകയറ്റി. അർദ്ധ സെഞ്ച്വറി തികച്ച് ബാറ്റിംഗ് തുടരുകയായിരുന്ന ബെൻ സ്റ്റോക്‌സ് 66 റൺസെടുത്ത് നിൽക്കവെ ഹാംസ്ട്രിംഗ് ഇഞ്ചുറിയെ തുടർന്ന് റിട്ടയേർഡ് ഹർട്ടായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 142 റൺസാണ് ഇരുവരും 5ാം വിക്കറ്റിൽ ഉണ്ടാക്കിയത്.
സ്റ്റോക്സ് റിട്ടയേർഡ് ഹർട്ടായതിന് പിന്നാലെ 150 റൺസ് തികച്ച ജോ റൂട്ടിനെ ജഡേജയുടെ പന്തിൽ ധ്രുവ് ജുറൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. പിന്നീട് ജാമി സ്മിത്തിനെ (9) ജസ്പ്രീത് ബുംറയും, ക്രിസ് വോക്‌സിനെ (4) സിറാജും പുറത്താക്കി.
ബാറ്റിംഗിന് തിരിച്ചെത്തിയ സ്‌റ്റോക്‌സ് 77 റൺസുമായും ലിയാം ഡോസൺ 21 റൺസുമായി ഇന്നലെ കളി നിറുത്തുമ്പോൾ ക്രീസിലുണ്ട്. ഇന്ത്യയ്ക്കായി ജഡേജയും സുന്ദറും 2 വിക്കറ്റ് വീതം വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്