സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ഇന്ത്യൻ ടീമിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ അവസാനിച്ചതോടെയാണ് എക്‌സ് പോസ്റ്റിലൂടെ 37കാരനായ പൂജാരയുടെ വിരമിക്കൽ പ്രഖ്യാപനം.
ഇന്ത്യക്കായി 103 ടെസ്റ്റുകളിൽ കളിച്ച പൂജാര 43.6 ശരാശരിയിൽ 19 സെഞ്ചുറിയും 35 അർധസെഞ്ചുറിയും അടക്കം 7195 റൺസ് നേടിയിട്ടുണ്ട്. അഞ്ച് ഏകദിനങ്ങളിലും ഇന്ത്യക്കായി കളിച്ച പൂജാര 51 റൺസാണ് നേടിയത്. ഐ.പി.എല്ലിൽ വിവിധ ടീമുകൾക്കായി 30 മത്സരങ്ങളിലും പൂജാര പാഡണിഞ്ഞു.
2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ആണ് പൂജാര ഇന്ത്യക്കായി അവസാനം ടെസ്റ്റിൽ കളിച്ചത്. ഇന്ത്യ തോറ്റ ഫൈനലിൽ 14, 27 എന്നിങ്ങനെയായിരുന്നു പൂജാരയുടെ സ്‌കോർ. രാഹുൽ ദ്രാവിഡിന് ശേഷം ഒരു ദശകത്തോളം മൂന്നാം നമ്പറിൽ ഇന്ത്യയുടെ വിശ്വസ്തനായി വളർന്ന പൂജാര സാങ്കേതികമികവിന്റെയും പിഴവറ്റ പ്രതിരോധത്തിന്റെയും പേരിലാണ് ശ്രദ്ധിക്കപ്പെട്ടത്.
രാജ്‌കോട്ട് പോലെ ചെറിയൊരു ഗ്രാമത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുക എന്ന ആഗ്രഹവുമായി എത്തിയ തനിക്ക് ക്രിക്കറ്റ് ആഗ്രഹിച്ചതിലധികം നൽകിയെന്നും വിടവാങ്ങൽ കുറിപ്പിൽ പൂജാര വ്യക്തമാക്കി. ഇന്ത്യക്കായും സൗരാഷ്ട്രക്കായും കളിക്കാൻ അവസരം ഒരുക്കിയ ബി.സി.സി.ഐക്കും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും മറ്റ് ടീം ഉടമകൾക്കും പരിശീലകർക്കും സഹതാരങ്ങൾക്കും നന്ദി പറയുന്നുവെന്നും പൂജാര വ്യക്തമാക്കി.
കഴിഞ്ഞവർഷം ഓസട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലേക്കും കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കും പൂജാരയെ പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും യുവതാരങ്ങൾക്കാണ് സെലക്ടർമാർ പരിഗണന നൽകിയത്.
ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കുമെതിരായ ടെസ്റ്റ് പരമ്പരകളിൽ കമന്റേറ്ററായും പൂജാര ശ്രദ്ദേയനായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ദേവ്ദത്ത് പടിക്കൽ, ശുഭ്മാൻ ഗിൽ എന്നിവരെയും ഇംഗ്ലണ്ടിനെതിരെ കരുൺ നായർ, സായ് സുദർശൻ എന്നിവരെയുമാണ് സെലക്ടർമാർ മൂന്നാം നമ്പറിലേക്ക് പരിഗണിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്