പനാജി : ഗോവയിൽ നടക്കുന്ന ഫിഡെ ചെസ് ലോകകപ്പിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന പ്രഗ്‌നാനന്ദയും പുറത്തായി. നാലാം റൗണ്ടിന്റെ ടൈബ്രേക്കറിലാണ് പ്രഗ്ഗ് കീഴടങ്ങിയത്. 2023 ലോകകപ്പിലെ റണ്ണറപ്പായ പ്രഗ്‌നാനന്ദയെ റഷ്യൻ ഗ്രാൻഡ്മാസ്റ്റർ ഡാനിൽ ഡബോവാണ് തോൽപ്പിച്ചത്. ടൂർണമെന്റിൽ കളിക്കാനുണ്ടായിരുന്ന 24 ഇന്ത്യൻ താരങ്ങളിൽ 22 പേരും പുറത്തായി. അർജുൻ എരിഗേസി, പെന്റാല ഹരികൃഷണ എന്നീ ഇന്ത്യൻ താരങ്ങൾക്ക് മാത്രമാണ് അടുത്ത റൗണ്ടിലേക്ക് കടക്കാനായത്.
ഹംഗറിയുടെ പ്രമുഖ താരമായ പീറ്റർ ലെക്കോയെ തകർത്താണ് അർജുൻ എരിഗേസി അഞ്ചാം റൗണ്ടിൽ പ്രവേശിച്ചത്. അർജുൻ തന്റെ ആദ്യ റാപ്പിഡ് ടൈബ്രേക്ക് ഗെയിമിൽ ലെക്കോയെ തോൽപ്പിച്ചു. തുടർന്ന്, രണ്ടാമത്തെ ഗെയിമിൽ സമനില നേടിയാൽ മതിയായിരുന്നുവെങ്കിലും അദ്ദേഹം ആ ഗെയിമിലും പീറ്റർ ലീക്കോയെ തകർക്കുകയായിരുന്നു.
സ്വീഡന്റെ നിൽസ് ഗ്രാൻഡേലിയസിനെ തകർപ്പൻ പ്രകടനത്തിലൂടെ പരാജയപ്പെടുത്തിയാണ് ഹരികൃഷ്ണ അഞ്ചാം റൗണ്ടിൽ കടന്നത്. നിർണായകമായ ഒരു ഗെയിമിൽ ഗ്രാൻഡേലിയസിനെ തോൽപ്പിച്ചതാണ് ഹരികൃഷ്ണയെ അഞ്ചാംറൗണ്ടിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി മാറ്റിയത്.
അമേരിക്കൻ സൂപ്പർ താരം ലെവൻ അരോണിയൻ ആണ് അഞ്ചാം റൗണ്ടിൽ അർജുന്റെ എതിരാളി. മെക്‌സിക്കൻ താരമായ മാർട്ടിനസ് അൽ കാന്താരസ് ജോസ് എഡ്യൂവാർഡോയെ ഹരികൃഷ്ണ അഞ്ചാം റൗണ്ടിൽ നേരിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
