മുംബയ് : ഇന്നലെ നടന്ന രണ്ടാം ഐ.പി.എൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് മുംബയ് ഇന്ത്യൻസ്. വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. മറുപടിക്കിറങ്ങിയ മുംബയ് 26 പന്തുകൾ ബാക്കിനിൽക്കേ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
അർദ്ധസെഞ്ച്വറികൾ നേടിയ രവീന്ദ്ര ജഡേജയും (53 നോട്ടൗട്ട്), ശിവം ദുബെയും (50) നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 81 റൺസാണ് ചെന്നൈയെ ഈ സ്‌കോറിലെത്തിച്ചത്. അരങ്ങേറ്റക്കാരൻ ആയുഷ് മാത്രേ 32 റൺസ് നേടി. ചേസിംഗിൽ മുംബയ്ക്ക് വേണ്ടി അർദ്ധസെഞ്ച്വറികൾ നേടിയ രോഹിത് ശർമ്മയും (45 പന്തുകളിൽ നാലുഫോറും ആറ് സിക്‌സുമടക്കം 76 നോട്ടൗട്ട്), സൂര്യകുമാർ യാദവും (30 പന്തുകളിൽ ആറ് ഫോറും അഞ്ച് സിക്‌സുമടക്കം 68 നോട്ടൗട്ട്) തകർത്താടിയതോടെ ചെന്നൈ സീസണിലെ ആറാം തോൽവി ഏറ്റുവാങ്ങുകയായിരുന്നു.
രചിൻ രവീന്ദ്രയും(5), ഷെയ്ക്ക് റഷീദും (19) ചേർന്നാണ് ചെന്നൈയ്ക്ക് വേണ്ടി ഓപ്പണിംഗിന് ഇറങ്ങിയത്. നാലാം ഓവറിൽ രചിനെ കീപ്പറുടെ കയ്യിലെത്തിച്ച് അശ്വനികുമാർ ചെന്നൈയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചു.തുടർന്നിറങ്ങിയ ആയുഷ് ഷെയ്ക്ക് റഷീദിനൊപ്പം ടീം സ്‌കോർ 57ലെത്തിച്ചശേഷമാണ് ഏഴാം ഓവറിൽ മടങ്ങിയത്.
15 പന്തുകളിൽ നാലുഫോറും രണ്ട് സിക്‌സും പായിച്ച 17 കാരനായ ആയുഷ് മാത്രേ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി ഐ.പി.എല്ലിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. എട്ടാം ഓവറിൽ 63 റൺസിൽ നിൽക്കേ റഷീദും പുറത്താതോടെ ക്രീസിൽ ഒരുമിച്ച ജഡേജ ദുബെ സഖ്യം ടീമിനെ മുന്നോട്ടുകൊണ്ടുപോയി.
17-ാം ഓവറിൽ ദുബെയെ പുറത്താക്കി ബുംറയാണ് സഖ്യം പൊളിച്ചത്. 32 പന്തുകൾ നേരിട്ട ദുബെ രണ്ട് ഫോറും നാല് സിക്‌സും പായിച്ചു. തുടർന്നിറങ്ങിയ ധോണി ആറുപന്തിൽ നാലുറൺസ് എടുത്ത് ബുംറയ്ക്ക് കീഴടങ്ങി. 35 പന്തുകളിൽ നാലുഫോറും രണ്ട് സിക്‌സുമടക്കമാണ് ജഡേജ 53 റൺസുമായി പുറത്താകാതെ നിന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്