ഡൽഹിയെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ് ഒന്നാം സ്ഥാനത്ത്

APRIL 20, 2025, 3:41 AM

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ഏഴ് വിക്കറ്റ് ജയം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ഡൽഹി ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടക്കുകയായിരുന്നു ഗുജറാത്ത്. 54 പന്തിൽ 97 റൺസുമായി പുറത്താവാതെ നിന്ന ജോസ് ബട്‌ലറാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ഷെഫാനെ റുതർഫോർഡ് (34 പന്തിൽ 43) മികച്ച പ്രകടനം പുറത്തെടുത്തു. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡൽഹിക്ക് വേണ്ടി ക്യാപ്ടൻ അക്‌സർ പട്ടേലാണ് (32 പന്തിൽ 39) ഉയർന്ന സ്‌കോർ നേടിയത്. അഷുതോഷ് ശർമ (19 പന്തിൽ 37), ട്രിസ്റ്റൺ സ്റ്റബ്‌സ് (21 പന്തിൽ 31), കെ.എൽ. രാഹുൽ (14 പന്തിൽ 28), കരുൺ നായർ (18 പന്തിൽ 31) എന്നിവരും നിർണായക സംഭാവന നൽകി. ഗുജറാത്തിന് വേണ്ടി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വീഴ്ത്തി.

അത്ര നല്ലതായിരുന്നില്ല ഗുജറാത്തിന്റെ തുടക്കം. ക്യാപ്ടൻ ശുഭ്മാൻ ഗില്ലിന്റെ (7) വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. കരുൺ നായരുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാവുകയായിരുന്നു ഗിൽ. പിന്നാലെ സായ് സുദർശൻ (21 പന്തിൽ 36) -ബട്‌ലർ സഖ്യം 60 റൺസ് കൂട്ടിചേർത്തു. എട്ടാം ഓവറിൽ സായ് മടങ്ങിയെങ്കിലും റുതർഫോർഡിനെ കൂട്ടുപിടിച്ച് ബട്‌ലർ ഗുജറാത്തിനെ മുന്നോട്ടുകൊണ്ടുപോയി. വിജയത്തിനരികെ, 19 -ാം ഓവറിൽ റുതർഫോർഡ് വീണു.

vachakam
vachakam
vachakam

അവസാന ഓവറിൽ 10 റൺസാണ് ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. മിച്ചൽ സ്റ്റാർക്കിന്റെ ആദ്യ പന്തിൽ സിക്‌സും രണ്ടാം പന്തിൽ ഫോറും നേടി രാഹുൽ തെവാട്ടിയ (3 പന്തിൽ 11) ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചു. 54 പന്തുകൾ നേരിട്ട ബട്‌ലർ നാല് സിക്‌സും 11 ഫോറും നേടി.

നേരത്തെ, ഭേദപ്പെട്ട തുടക്കമായിരുന്നു ഡൽഹിക്ക്. ഒന്നാം വിക്കറ്റിൽ 23 റൺസ് ചേർത്ത ശേഷമാണ് അഭിഷേക് മടങ്ങുന്നത്. ഒരു സിക്‌സും മൂന്ന് ഫോറും നേടിയ താരം അർഷദിന്റെ പന്തിൽ മുഹമ്മദ് സിറാജിന് ക്യാച്ച് നൽകി. പിന്നാലെ രാഹുൽ - കരുൺ സഖ്യം 35 റൺസ് കൂട്ടിചേർത്തു. 

എന്നാൽ അഞ്ചാം ഓവറിൽ രാഹുൽ പുറത്തായത് ഡൽഹിക്ക് തിരിച്ചടിയായി. ഒരു സിക്‌സും നാല് ഫോറും നേടിയ താരം പ്രസിദ്ധ് കൃഷ്ണയുടെ യോർക്കറിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു.

vachakam
vachakam
vachakam

തുടർന്ന് കരുണിനൊപ്പം ചേർന്ന അക്‌സർ ടീം ടോട്ടലിനൊപ്പം 35 കൂട്ടിചേർത്തു. എന്നാൽ ഒമ്പതാം ഓവറിൽ കൂട്ടുകെട്ട് പൊളിഞ്ഞു. മലയാളി താരത്തെ പ്രസിദ്ധ് അർഷദിന്റെ കൈകളിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ സ്റ്റബ്‌സും നിർണായക സംഭാവന നൽകി. 53 റൺസിന്റെ കൂട്ടുകെട്ടാണ് അക്‌സർ - സ്റ്റബ്‌സ് സഖ്യം കൂട്ടിചേർത്തത്. 21 പന്തുകൾ നേരിട്ട സ്റ്റബ്‌സ് 15 -ാം ഓവറിൽ മടങ്ങി.

സിറാജിനെ സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമത്തിൽ പ്രസിദ്ധിന് ക്യാച്ച്. വൈകാതെ അക്‌സറും പവലിയനിൽ തിരിച്ചെത്തി. പ്രസിദ്ധിനായിരുന്നു വിക്കറ്റ്. തുടർന്നെത്തിയ വിപ്രജ് നിഗം (0), ഡോണോവൻ ഫെരേര (1) എന്നിവർക്ക് തിളങ്ങാനായില്ല. അവസാന ഓവറിൽ അഷുതോഷും മടങ്ങി. കുൽദീപ് യാദവ് (4), മിച്ചൽ സ്റ്റാർക്ക് (2) പുറത്താവാതെ നിന്നു.

കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇന്നിറങ്ങുന്നത്. അതേസമയം, ഡൽഹി പ്ലേയിംഗ് ഇലവനിൽ നിന്ന് ജേക്ക് ഫ്രേസർ മക്ഗുർക് പുറത്തായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam