ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് രണ്ട് റൺസിന്റെ തോൽവി. ജയ്പൂർ, സവായ് മൻസിംഗ് സ്റ്റേഡിയത്തിൽ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റെടുത്ത ആവേശ് ഖാനാണ് ലക്‌നൗവിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 52 പന്തിൽ 74 റൺസ് നേടിയ യശസ്വി ജയ്‌സ്വാൾ രാജസ്ഥാന് വിജയ പ്രതീക്ഷ നൽകിയിരുന്നു. 20 പന്തിൽ 34 റൺസുമായി അരങ്ങേറ്റക്കാരൻ വൈഭവ് സൂര്യവൻഷി മികച്ച തുടക്കം നൽകാൻ സഹായിച്ചിരുന്നു. ഐപിഎല്ലിൽ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരമാണ് 14കാരൻ.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലക്‌നൗവിന് വേണ്ടി എയ്ഡൻ മാർക്രം (45 പന്തിൽ 66), ആയുഷ് ബദോനി (34 പന്തിൽ 50) മികച്ച പ്രകടനം പുറത്തെടുത്തു. 10 പന്തിൽ 30 റൺസുമായി അബ്ദുൾ സമദ് പുറത്താവാതെ നിന്നു. ഇതിൽ 27 റൺസും സന്ദീപ് ശർമയെറിഞ്ഞ അവസാന ഓവറിലായിരുന്നു. ക്യാപ്ടൻ റിഷഭ് പന്ത് (9 പന്തിൽ 3) ഒരിക്കൽ കൂടി നിരാശപ്പെടുത്തി.
ഗംഭീര തുടക്കമായിരുന്നു രാജസ്ഥാന്. വൈഭവ് - ജയ്‌സ്വാൾ സഖ്യം ഒന്നാം വിക്കറ്റിൽ 85 റൺസ് ചേർത്തു. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ് നേടിയാണ് വൈഭവ് തുടങ്ങിയത്. ഷാർദുൽ താക്കൂറിനെതിരെ ആയിരുന്നു അത്. പിന്നീട് ആവേഷ് ഖാൻ, ദിഗ്വേഷ് രത്തി എന്നിവർക്കെതിരേയും വൈഭവ് സിക്‌സുകൾ നേടി. ഒമ്പതാം ഓവറിലാണ് വൈഭവ് മടങ്ങുന്നത്. മാർക്രമിന്റെ പന്തിൽ ലക്‌നൗ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് താരത്തെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. പിന്നീടെത്തിയ നിതീഷ് റാണ (8) നിരാശപ്പെടുത്തി. ഷാർദുലിന് വിക്കറ്റ്.
എന്നാൽ ജയ്‌സ്വാൾ -റിയാൻ പരാഗ് (26 പന്തിൽ 39) സഖ്യം 62 റൺസ് കൂട്ടിചേർത്തു. എന്നാൽ 18-ാം ഓവറിലെ ആദ്യ പന്തിൽ ജയ്‌സ്വാളിനെ ആവേശ് ഖാൻ ബൗൾഡാക്കിയിടത്ത് നിന്ന് തുടങ്ങി തകർച്ച. നാല് സിക്‌സും അഞ്ച് ഫോറും ഉൾപ്പെടുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്.
അതേ ഓവറിൽ പരാഗിനേയും ആവേശ് വിക്കറ്റിന് മുന്നിൽ കുടുക്കി.
അവസാന ഓവറിൽ ജയിക്കാൻ 9 റൺസ് വേണമെന്നിരിക്കെ മൂന്നാം പന്തിൽ ഹെറ്റ്‌മെയറേയും (12) ആവേശ് തിരിച്ചയച്ചു. അവസാന മൂന്ന് പന്തിൽ ആറ് റൺസാണ് രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. നാലാം പന്തിൽ റൺസെടുക്കാൻ സാധിച്ചില്ല. അവസാന രണ്ട് പന്തിൽ ജയിക്കാൻ ആറ് റൺസ്. അഞ്ചാം പന്തിൽ ശുഭം ദുബെ രണ്ട് റൺ ഓടിയെടുത്തു. ദുബെയുടെ ക്യാച്ച് ഡേവിഡ് മില്ലർ കൈവിടുകയായിരുന്നു.
എന്നാൽ അവസാന പന്തിൽ ഒരു റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. ആവേശ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ധ്രുവ് ജുറൽ (6) - ദുബെ (3) സഖ്യം പുറത്താവാതെ നിന്നു. തുടർച്ചയായ നാലാം തോൽവിയാണ് രാജസ്ഥാൻ നേരിടുന്നത്.
നേരത്തെ, മോശം തടുക്കമായിരുന്നു ലക്‌നൗവിന്. 54 റൺസുകൾക്കിടെ അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. മിച്ചൽ മാർഷിനെ ജോഫ്ര ആർച്ചർ മടക്കി. ഷിംറോൺ ഹെറ്റ്‌മെയർക്കായിരുന്നു ക്യാച്ച്. പിന്നാലെ നിക്കോളാസ് പുരാനെ (11) സന്ദീപ് ശർമ വിക്കറ്റിന് മുന്നിൽ കുടുക്കി. ഹസരങ്കയ്‌ക്കെതിരെ റിവേഴ്‌സ് സ്വീപ് ചെയ്യാനുള്ള ശ്രമത്തിൽ വിക്കറ്റ് കീപ്പർ ധ്രുവ് ജുറലിന് ക്യാച്ച് നൽകി റിഷഭും മടങ്ങി. പിന്നാലെ മാർക്രം -ബദോനി സഖ്യം 76 റൺസ് കൂട്ടിചേർത്തു. ഈ കൂട്ടുകെട്ടാണ് ലക്‌നൗവിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 16-ാം ഓവറിൽ മാർക്രം മടങ്ങി. മൂന്ന് സിക്‌സും അഞ്ച് ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഹസരങ്കയ്ക്ക് വിക്കറ്റ്. പിന്നാലെ ബദോനി, തുഷാർ ദേശ്പാണ്ഡെയ്ക്ക് വിക്കറ്റ് നൽകി മടങ്ങി.
എന്നാൽ അവസാന ഓവറിൽ 27 അടിച്ചെടുത്ത സമദ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. സന്ദീപിന്റെ അവസാന ഓവറിൽ നാല് സിക്‌സുകളാണ് പിറന്നത്. താരം നാല് ഓവറിൽ 55 റൺസ് വിട്ടുകൊടുത്തു. അഞ്ച് വിക്കറ്റുകൾ ലക്‌നൗവിന് നഷ്ടമായി. വാനിന്ദു ഹസരങ്ക രണ്ട് വിക്കറ്റ് വീഴ്ത്തി. പരിക്കേറ്റ സഞ്ജു സാംസൺ ഇല്ലാതെയാണ് രാജസ്ഥാൻ ഇറങ്ങിയത്. സഞ്ജുവിന് പകരം റിയാൻ പരാഗ് ടീമിനെ നയിച്ചു. ലക്‌നൗ ഒരു മാറ്റം വരുത്തി. ആകാശ് ദീപിന് പകരം പ്രിൻസ് യാദവ് ടീമിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്