മഴയും മിന്നലും രസംകൊല്ലിയായെത്തിയ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരുവിനെ തകർത്ത് പഞ്ചാബിന്റെ കുതിപ്പ്. 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരുവിനെ പഞ്ചാബ് കിംഗ്‌സ് അനായായം പരാജയപ്പെടുത്തുകയായിരുന്നു.
ബംഗ്‌ളൂരു ഉയർത്തിയ 96 റൺസ് വിജയലക്ഷ്യം പഞ്ചാബ് 11 പന്തും അഞ്ച് വിക്കറ്റും ബാക്കി നിൽക്കേ മറികടന്നു. അവസാന ഓവറുകളിൽ അടിച്ചുതകർത്ത നെഹാൽ വധേരയാണ് പഞ്ചാബിന് തകർപ്പൻ ജയം സമ്മാനിച്ചത്.
മഴയെത്തുടർന്ന് 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രേയസ് അയ്യരുടെ തീരുമാനം ശരിവക്കും വിധമായിരുന്നു പഞ്ചാബ് ബോളർമാരുടെ പ്രകടനം. അർഷദീപും, ചാഹലും, മാർക്കോ യാൻസനും, ഹർപ്രീത് ബ്രാറും ചേർന്ന് ബംഗ്‌ളൂരു ബാറ്റിങ് നിരയെ പിടിച്ചുകെട്ടി. ബംഗ്‌ളൂരു ബാറ്റിംഗ് നിര അപ്പാടെ തകർന്നപ്പോൾ അവസാന ഓവറുകളിൽ തകർത്തടിച്ച ടിം ഡേവിഡാണ് മാന്യമായ സ്‌കോർ സമ്മാനിച്ചത്. ഡേവിഡ് 26 പന്തിൽ അർധ സെഞ്ച്വറി കുറിച്ചു. പഞ്ചാബിനായി അർഷ്ദീപ് സിംഗ് 23 റൺസിനും മാർക്കോ യാൻസൻ 10 റൺസിനും യുസ്‌വേന്ദ്ര ചാഹൽ 11 റൺസിനും ഹർപ്രീത് ബ്രാർ 25 റൺസിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും അവസാന ഓവറുകളിൽ നെഹാൽ വധേര പഞ്ചാബിനെ വിജയ രഥത്തിലേറ്റി. മൂന്ന് സിക്‌സും മൂന്ന് ഫോറും സഹിതം 19 പന്തിൽ 33 റൺസുമായി പുറത്താവാതെ നിന്ന വധേര, ടീമിന് വിജയത്തിനൊപ്പം പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനവും സമ്മാനിച്ചു.
7 കളികളിൽ നിന്ന് 5 ജയവുമായി 10 പോയിന്റോടെയാണ് പഞ്ചാബ് രണ്ടാം സ്ഥാനത്തെത്തിയത്. 6 കളികളിൽ നിന്ന് 10 പോയിന്റുള്ള ഡൽഹിയാണ് ഒന്നാം സ്ഥാനത്ത്. 7 കളികളിൽ നിന്ന് 8 പോയിന്റുള്ള ബംഗ്‌ളൂരു നാലാം സ്ഥാനത്താണ്. ബംഗ്‌ളൂരുവിന് വേണ്ടി ഇന്ന് മിന്നൽ വേഗത്തിൽ അർധ സെഞ്ച്വറി നേടിയ ടിം ഡേവിഡാണ് കളിയിലെ താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്