മഞ്ചേരി: കോട്ടയ്ക്കലില്‍ മര്‍ദനത്തെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മരിച്ച കേസിലെ പ്രതിയെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങല്‍പ്പടി കോന്തേരി രവിയുടെ മകന്‍ ഷിജുവാണ്(37) മരിച്ചത്. മഞ്ചേരി-തിരൂര്‍ റൂട്ടിലോടുന്ന പിടിബി ബസിലെ ഡ്രൈവറാണ്.
കഴിഞ്ഞ മാര്‍ച്ച് ഏഴിന് ബസ് ജീവനക്കാരുടെ മര്‍ദനത്തെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ ലത്തീഫ് കുഴഞ്ഞുവീണു മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറായ ഷിജു 22 ദിവസം റിമാന്‍ഡിലായി. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി. വെള്ളിയാഴ്ച വൈകുന്നേരം നാലിനാണ് ഷിജു മഞ്ചേരി കോര്‍ട്ട് റോഡിലെ ലോഡ്ജില്‍ മുറിയെടുത്തത്. അഞ്ച് മണിക്ക് ഇയാള്‍ പുറത്തുപോയി തിരികെ വന്നത് ലോഡ്ജ് ജീവനക്കാര്‍ കണ്ടിരുന്നു. ശനിയാഴ്ച ഉച്ചയായിട്ടും മുറിയുടെ വാതില്‍ തുറക്കാത്തതിനാല്‍ ഉടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.
മഞ്ചേരി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എ. ബാലമുരുകന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്കുമാറ്റി. സംഭവത്തിന് ഓട്ടോ ഡ്രൈവറുടെ മരണവുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സാമ്പത്തികബാധ്യത കാരണം ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്. മാതാവ്: സുമതി. ഭാര്യ: മിനി. മക്കള്‍: അഭിമന്യു, ആദിദേവ്, കാശി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാന്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക: 1056, 04712552056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്