ന്യൂയോര്‍ക്ക്: അമേരിക്ക വിസ റദ്ദാക്കിയ 327 വിദേശ വിദ്യാര്‍ഥികളില്‍ പകുതിയും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. യുഎസിലെ കുടിയേറ്റക്കാര്‍ക്കുള്ള അഭിഭാഷക സംഘനയായ അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്‌സ് അസോസിയേഷന്റേതാണ്(എഐഎല്‍എ) വെളിപ്പെടുത്തല്‍.
സ്റ്റുഡന്റ്‌സ് ആന്‍ഡ് എക്സ്‌ചേഞ്ച് വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനത്തില്‍ (സെവിസ്) വിദ്യാര്‍ഥി വിസാ പദവി റദ്ദാക്കപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് കണക്ക് ഉണ്ടാക്കിയത്. 14 ശതമാനം പേര്‍ ചൈനയില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ള വിദ്യാര്‍ഥികള്‍ ദക്ഷിണ കൊറിയ, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ആണ്.
നിയമ വിരുദ്ധകുടിയേറ്റം തടയാനുള്ള നടപടി എന്നാരോപിച്ചാണ് നീക്കമെങ്കിലും കാരണം കാണിക്കാതെയാണ് പലരുടെയും വിസ റദ്ദാക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്. ഏകപക്ഷീയമായി വിസകള്‍ റദ്ദാക്കപ്പെടുന്നതിലും സെവിസില്‍ നിന്ന് വിദ്യാര്‍ഥികളുടെ വിസാ സ്റ്റാറ്റസ് നീക്കം ചെയ്യുന്നതിലും കൂടുതല്‍ സുതാര്യതയും മേല്‍നോട്ടവും ഉത്തരവാദിത്വവും ആവശ്യമാണെന്ന് എഐഎല്‍എ പറഞ്ഞു. സര്‍വകലാശാലകളെ ഇടപെടീക്കാതെയും തൊഴിലിലോ പഠനത്തിലോ വിടവുണ്ടാക്കാതെയും വിസ റദ്ദാക്കലിനെതിരേ അപ്പീല്‍ നല്‍കാനുള്ള അവസരമാണ് വിദേശവിദ്യാര്‍ഥികള്‍ക്ക് അന്തിമമായി വേണ്ടതെന്നും സംഘടന വ്യക്തമാക്കുന്നു.
തങ്ങളെ നാടുകടത്തരുതെന്നാവശ്യപ്പെട്ട് ഇതിനോടകം വിദേശ വിദ്യാര്‍ഥികളും അവകാശ സംഘടനകളും വിവിധ ഫെഡറല്‍ കോടതികളെ സമീപിച്ചിട്ടുണ്ട്. മസാച്യുസെറ്റ്‌സ്, മൊണ്ടാന, പെന്‍സില്‍വേനിയ, വിസ്‌കോണ്‍സിന്‍, വാഷിങ്ടണ്‍ ഡിസി എന്നിവിടങ്ങളിലെ ജഡ്ജിമാര്‍ ചൊവ്വാഴ്ച വിദ്യാര്‍ഥികളെ നാടുകടത്താനുള്ള നീക്കം തടയാനുള്ള അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ജനുവരിയില്‍ അധികാരത്തിലെത്തിയതിനുപിന്നാലെ അമേരിക്കയിലെ നിയമവിരുദ്ധകുടിയേറ്റം കുറക്കാന്‍ നാടുകടത്തലുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ ട്രംപ് സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്