യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടറിൽ റയൽ മാഡ്രിഡിനെ വീഴ്ത്തി ആഴ്‌സണൽ സെമി ഫൈനലിൽ. ഇരുപാദങ്ങളിലുമായി 5-1 എന്ന അഗ്രിഗേറ്റ് സ്‌കോറിലാണ് ഇംഗ്ലീഷ് ക്ലബിന്റെ ജയം.
സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യുവിൽ റയൽ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം.
65-ാം മിനിറ്റിൽ ബുക്കായോ സാക്കയിലൂടെ മുന്നിലെത്തിയ ആഴ്‌സണൽ അധികസമയത്ത് ഗബ്രിയേൽ മാർട്ടിനലിയിലൂടെ വിജയഗോളും നേടി. 67-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറാണ് റയൽ മാഡ്രിഡിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്. ഓൺ ടാർഗറ്റിലേക്ക് 3 ഷോട്ടുകൾ മാത്രമാണ് റയലിന് തൊടുക്കാനായത്. 16 വർഷങ്ങൾക്ക് ശേഷമാണ് ആഴ്‌സണൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ കടക്കുന്നത്. ഈ മാസം 29ന് നടക്കുന്ന സെമിയിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയാണ് ഗണ്ണേഴ്‌സിന്റെ എതിരാളികൾ.
ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനും ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് മുന്നേറി. രണ്ടാം പാദ ക്വാർട്ടറിൽ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്ക് സമനിലയിൽ കുരുക്കിയെങ്കിലും ആദ്യ പാദത്തിലെ ലീഡിന്റെ ബലത്തിൽ മിലാൻ സെമി ഉറപ്പിച്ചു. രണ്ടാം പാദത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. 4-3 എന്ന അഗ്രിഗേറ്റ് സ്‌കോറിലാണ് ഇന്റർ മിലാന്റെ സെമി പ്രവേശം.
58-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസും 61-ാം മിനിറ്റിൽ ബെഞ്ചമിൻ പവാർഡുമാണ് ഇറ്റാലിയൻ ക്ലബിനായി വലകുലുക്കിയത്. 52-ാം മിനിറ്റിൽ ഹാരി കെയിനിലൂടെയാണ് ബയേൺ ലീഡെടുത്തത്.
76-ാം മിനിറ്റിൽ എറിക് ഡയറും ഗോൾ കണ്ടെത്തി. പിന്നീട് മിലാന്റെ പ്രതിരോധ കോട്ട പൊളിക്കാൻ ബയേണിന് കഴിഞ്ഞില്ല. ഈ മാസം 30ന് നടക്കുന്ന സെമി ഫൈനലിൽ സ്പാനിഷ് കരുത്തരായ ബാഴ്‌സലോണയാണ് ഇന്റർ മിലാന്റെ എതിരാളികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്