ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ. നോർവേ ചെസ്സ് ടൂർണമെന്‍റിന്‍റെ എട്ടാം റൗണ്ടിൽ, കറുത്ത കരുക്കളുമായി കളിച്ച ഇരുപതുകാരനായ പ്രഗ്നാനന്ദ ക്ലാസിക്കൽ ചെസ്സിൽ കാൾസനെ അട്ടിമറിക്കുകയായിരുന്നു. ഇതോടെ ഈ വർഷം ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസനെ തുടർച്ചയായി രണ്ട് തവണ പരാജയപ്പെടുത്തുന്ന ആദ്യ താരം കൂടിയായി പ്രഗ്നാനന്ദ.
തന്‍റെ കരിയറിലെ എട്ടാം നോർവേ ചെസ്സ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ കാൾസന് സ്വന്തം നാട്ടുകാർക്ക് മുന്നിൽ വെച്ചേറ്റ ഈ പരാജയം കനത്ത തിരിച്ചടിയായി. കളി കൈവിട്ടെന്ന് ഉറപ്പായതോടെ നിരാശയോടെ തലയാട്ടി പ്രഗ്നാനന്ദയ്ക്ക് കൈകൊടുത്ത് കാൾസൻ വേദി വിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ജയത്തോടെ 12 പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന പ്രഗ്നാനന്ദ ടൂർണമെന്‍റിൽ ഇനി രണ്ട് റൗണ്ടുകൾ മാത്രം ബാക്കിനിൽക്കെ കിരീടസാധ്യതകൾ സജീവമാക്കി.
ഒരേ ടൂർണമെന്‍റിൽ കാൾസനെതിരെ രണ്ട് ക്ലാസിക്കൽ വിജയങ്ങൾ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് പ്രഗ്നാനന്ദ ടൂർണമെന്‍റിൽ കാൾസന്‍റെ നാലാമത്തെ ക്ലാസിക്കൽ തോൽവിയാണിത്. ഇതിൽ രണ്ടെണ്ണവും പ്രഗ്നാനന്ദയ്ക്ക് മുന്നിലായിരുന്നു എന്നുള്ളത് ഇന്ത്യൻ താരത്തിന്‍റെ അപ്രമാദിത്വം വ്യക്തമാക്കുന്നു.
തോൽവിയോടെ നിലവിലെ ചാമ്പ്യനായ കാൾസന്‍ കിരീടം നിലനിര്‍ത്താനുള്ള സാധ്യതയും മങ്ങി. ജർമ്മനിയുടെ വിൻസെന്‍റ് കീമറെ ടൈ-ബ്രേക്കറിൽ പരാജയപ്പെടുത്തിയ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ വെസ്ലി സോ ആണ് 14 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 13 പോയിന്‍റുമായി ഫ്രാന്‍സിന്‍റെ അലിരേസ ഫിരൂസ്ജയാണ് രണ്ടാം സ്ഥാനത്ത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
