ന്യൂഡല്‍ഹി: അന്താരാഷ്ട്ര സാമ്പത്തിക-രാഷ്ട്രീയ കൂട്ടായ്മയായ ബ്രിക്സില്‍ അംഗത്വം നേടാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അനിശ്ചിതത്വത്തില്‍ തുടരുന്നു. 2023 ല്‍ അപേക്ഷ നല്‍കിയിട്ടും പാകിസ്ഥാന്റെ അപേക്ഷയില്‍ ഇതുവരെ അനുകൂല തീരുമാനമായിട്ടില്ല.
നിലവിലുള്ള എല്ലാ അംഗ രാജ്യങ്ങളുടെയും പൂര്‍ണ്ണ സമ്മതത്തോടെ മാത്രമേ പുതിയ രാജ്യങ്ങള്‍ക്ക് ബ്രിക്സില്‍ അംഗത്വം നല്‍കാന്‍ സാധിക്കൂ. ചൈനയുടെയും റഷ്യയുടെയും പിന്തുണ പാകിസ്ഥാന് ലഭിക്കുന്നുണ്ടെങ്കിലും, ഇന്ത്യ വീറ്റോ അധികാരത്തിന് സമാനമായ എതിര്‍പ്പ് തുടരുന്നതാണ് പാകിസ്ഥാന് പ്രധാന തടസമാകുന്നത്. മുന്‍പ് ഈജിപ്റ്റ്, എത്യോപ്യ, ഇറാന്‍, യു.എ.ഇ എന്നി രാജ്യങ്ങളെ ഉള്‍പ്പെടുത്തി ബ്രിക്സ് പ്ലസ് ആയി കൂട്ടായ്മ വിപുലീകരിച്ചപ്പോഴും ഇന്ത്യയുടെ നിലപാട് കാരണം പാകിസ്ഥാന് പുറത്തുനില്‍ക്കേണ്ടി വന്നിരുന്നു.
ലക്ഷ്യം സാമ്പത്തിക ആശ്വാസം
നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന്റെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 3.70 ശതമാനമാണ്. അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക് എന്നിവയെ ആശ്രയിക്കുന്നത് കുറയ്ക്കാനും പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്താനുമാണ് പാകിസ്ഥാന്‍ പ്രധാനമായും ബ്രിക്സിനെ കാണുന്നത്. ഇതിന്റെ ഭാഗമായി ബ്രിക്സിന് കീഴിലുള്ള ന്യൂ ഡെവലപ്മെന്റ് ബാങ്കില്‍ 580 ദശലക്ഷം ഡോളറിന്റെ ഓഹരികള്‍ പാകിസ്ഥാന്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
മിക്ക ബ്രിക്സ് രാജ്യങ്ങളുമായും നല്ല ബന്ധമുള്ളതിനാല്‍ അപേക്ഷ അനുകൂലമായി പരിഗണിക്കപ്പെടുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ നിഷ്പക്ഷവും ഉറച്ചതുമായ നിലപാട് പാകിസ്ഥാന് തിരിച്ചടിയാവുകയാണ്.
ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ ശക്തമായ വേദിയായി വളരുന്ന ബ്രിക്സ് നിലവില്‍ ലോക ജനസംഖ്യയുടെ 49 ശതമാനത്തെയും ആഗോള ജി.ഡി.പിയുടെ 40 ശതമാനത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. പാകിസ്ഥാന്‍ ഉള്‍പ്പെടെ 29 ഓളം രാജ്യങ്ങളാണ് നിലവില്‍ ഈ കൂട്ടായ്മയില്‍ അംഗത്വത്തിനായി കാത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
