ഇന്ത്യ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ ഓസ്ട്രേലിയ എയ്ക്ക് 168 റൺസ് വിജയലക്ഷ്യം. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്ട്രേലിയക്ക് ആദ്യ ഓവറിൽ തന്നെ പ്രസീദ് കൃഷ്ണ രണ്ട് വിക്കറ്റെടുത്തു. മാർകസ് ഹാരിസ് (0), കാമറോൺ ബാൻക്രോഫ്റ്റ് (0) എന്നിവരാണ് മടങ്ങിയത്. കുറച്ചു സമയം പിടിച്ചുനിന്ന നതാൻ മക്സ്വീനി (25), ഒലിവർ ഡേവിസ് 21 എന്നിവരുടെ വിക്കറ്റും കൂടി അവർക്ക് നഷ്ടമായി. മുകേഷ്കുമാറിനും തനുഷ് കൊടിയനുമാണ് ഈ വിക്കറ്റുകൾ. മൂന്നാം ദിവസത്തെ കളി നിർത്തുമ്പോൾ സാം കോൺസ്റ്റാസ് (45), ബ്യൂ വെബ്സ്റ്റർ 21 എന്നിവരാണ് ക്രീസിൽ. ഓസ്ട്രേലിയയ്ക്ക് ഇനി 48 റൺസ് വേണം.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ എ 229ന് പുറത്തായി. തുടക്കത്തിൽ തകർന്നെങ്കിലും ധ്രുവ് ജുറൽ (68) വീണ്ടും ഇന്ത്യയുടെ രക്ഷകനായി. തനുഷ് കൊട്ടിയാൻ (44), നിതീഷ് കുമാർ റെഡ്ഡി (38), പ്രസിദ്ധ് കൃഷ്ണ (29) എന്നിവർ നിർണായക സംഭാവന നൽകി. കോറി റോച്ചിക്കോളി ഓസീസിന് വേണ്ടി നാല് വിക്കറ്റെടുത്തു. ബ്യൂ വെബ്സ്റ്റർക്ക് മൂന്ന് വിക്കറ്റുണ്ട്.
അഞ്ചിന് 73 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ആരംഭിക്കുന്നത്. ജുറൽ -നിതീഷ് സഖ്യത്തിന്റെ 96 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.
ആദ്യ ഇന്നിംഗ്സിൽ 80 റൺസ് നേടിയ ജുറൽ ഒരിക്കൽകൂടി ഇന്ത്യയുടെ രക്ഷകനായി. 122 പന്തിൽ അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെയാണ് ജുറൽ 68 റൺസ് നേടിയത്. വൈകാതെ നിതീഷും മടങ്ങി. ഒരു സിക്സും അഞ്ച് ഫോറും ഉൾപ്പെടുന്നതായിരുന്നു നിതീഷിന്റെ ഇന്നിംഗ്സ്. ഇതോടെ ഏഴിന് 162 റൺസ് എന്ന നിലയിലായി ഇന്ത്യ. പിന്നീട് തനുഷ്, പ്രസിദ്ധ് എന്നിവരുടെ ഇന്നിംഗ്സ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് നയിച്ചു. ഇരുവരും 49 റൺസ് കൂട്ടിചേർത്തു. മുകേഷ് കുമാറാണ് (1) പുറത്തായ മറ്റൊരു താരം. ഖലീൽ അഹമ്മദ് (0) പുറത്താവാതെ നിന്നു.
നേരത്തെ, ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർബോർഡിൽ 25 റൺസ് മാത്രമുള്ളപ്പോൾ അഭിമന്യൂ ഈശ്വരന്റെ (17) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. സായ് സുദർശന് (3) എട്ട് പന്ത് മാത്രമായിരുന്നു ആയുസ്. ക്യാപ്ടൻ റുതുരാജ് ഗെയ്കവാദ് (11) തുടർച്ചായ നാലാം ഇന്നിംഗ്സിലും നിരാശപ്പെടുത്തി. ഓപ്പണറായെത്തിയ കെ.എൽ. രാഹുൽ 44 പന്ത് നേരിട്ടിട്ടും 10 റൺസ് മാത്രമാണ് നേടിയത്. മലയാളി താരം ദേവ്ദത്ത് പടിക്കിലിന് ഒരു റൺ മാത്രമാണ് നേടാനായത്.
ആദ്യ മത്സരം കളിച്ച ടീമിൽ നിന്ന് നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇഷാൻ കിഷൻ, ബാബ ഇന്ദ്രജിത്, നവ്ദീപ് സൈനി, മാനവ് സുതർ എന്നിവർക്ക് സ്ഥാനം നഷ്ടമായി. കെ.എൽ. രാഹുൽ, ധ്രുവ് ജുറെൽ, തനുഷ് കൊട്ടിയൻ, ഖലീൽ അഹമ്മദ് എന്നിവരാണ് പകരമെത്തിയത്. ജുറെലാണ് വിക്കറ്റ് കീപ്പർ. രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ഓസീസ് 1-0ത്തിന് മുന്നിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്