ഏഷ്യാ കപ്പിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് പാകിസ്ഥാനെ തകർത്ത് കിരീടം നേടിയപ്പോൾ 69 റൺസുമായി ടോപ് സ്‌കോററായത് തിലക് വർമയായിരുന്നെങ്കിലും വിജയ റണ്ണെടുക്കാനുള്ള നിയോഗം റിങ്കു സിംഗിനായിരുന്നു. ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും പ്ലേയിംഗ് ഇലവനിൽ അവസരം ലഭിക്കാതിരുന്ന റിങ്കുവിന് ഫൈനലിന് തൊട്ടു മുമ്പ് ഹാർദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് ഫൈനലിൽ അവസരം ലഭിച്ചത്. 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ തുടക്കത്തിലെ 20/3 ലേക്ക് തകർന്നെങ്കിലും ആദ്യം സഞ്ജു സാംസണും തിലക് വർമയും ചേർന്ന അർധസെഞ്ചുറി കൂട്ടുകെട്ട് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റി. പിന്നാലെ തിലക് വർമയുംശിവം ദുബെയും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിന് അടുത്തെത്തിക്കുകയും ചെയ്തു.
എന്നാൽ പത്തൊമ്പതാം ഓവറിലെ അവസാന പന്തിൽ ശിവം ദുബെ പുറത്തായതോടെ ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 10 റൺസായിരുന്നു. ഈ സമയം റിങ്കു സിംഗ് ക്രീസിലെത്തി. എന്നാൽ തിലക് വർമക്കായിരുന്നു സ്‌ട്രൈക്ക്. ആദ്യ പന്തിൽ രണ്ട് റണ്ണെടുത്ത തിലക് അടുത്ത പന്ത് റൗഫിനെ സിക്‌സിന് പറത്തി ഇന്ത്യയെ വിജയത്തിന് അരികിലെത്തിച്ചു. അടുത്ത പന്തിൽ തിലക് സിംഗിളെടുത്തത്തോടെ സ്‌കോർ തുല്യമായി. ഇതോടെ വിജയറണ്ണെടുക്കാനുള്ള നിയോഗം റിങ്കുവിലായി. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി റിങ്കു ഇന്ത്യയുടെ അവിസ്മരണീയ ജയം പൂർത്തിയാക്കുകയും ചെയ്തു.
അച്ചട്ടായ പ്രവചനം
എന്നാൽ ആരാധകരെ അമ്പരപ്പിച്ചത് ഇതൊന്നുമായിരുന്നില്ല. ടൂർണമെന്റ് തുടങ്ങും മുമ്പ് ഇന്ത്യൻ താരങ്ങളായ തിലക് വർമ, സഞ്ജു സാംസൺ, ശിവം ദുബെ, റിങ്കു സിംഗ് എന്നിവരോട് ടൂർണമെന്റിനെക്കുറിച്ച് പ്രവചിക്കാനും ഇതൊരു കടലാസിൽ എഴുതി നൽകാനും ബ്രോഡ്കാസ്റ്റർമാർ ആവശ്യപ്പെട്ടിരുന്നു. ടൂർണമെന്റ് തുടങ്ങുന്നതിന് മുമ്പ് സെപ്തംബർ ആറിനായിരുന്നു ഇത്. റിങ്കു അതിൽ എഴുതി നൽകിയിരുന്നത് 'വിൻ റൺ' എന്നായിരുന്നു. ടീമിനായി വിന്നിംഗ് റൺ എടുക്കുമെന്നായിരുന്നു റിങ്കു ഉദ്ദേശിച്ചത്. ഒടുവിൽ ഫൈനലിൽ മാത്രം കളിക്കാൻ അവസരം ലഭിച്ച റിങ്കുവിന് ഒരു നിയോഗം പോലെ വിജയറണ്ണെടുക്കാനുള്ള അവസരം ലഭിച്ചു.
മത്സരശേഷം നടന്ന ചർച്ചയിൽ ജസ്പ്രീത് ബുമ്രയുടെ ഭാര്യ കൂടിയായ അവതാരക സഞ്ജന ഗണേശനാണ് ഇന്ത്യൻ താരങ്ങളുടെ പ്രവചനം വെളിപ്പെടുത്തിയത്. തിലക് വർമ എഴുതിയിരുന്നത് ഫൈനലിൽ ടീമിനായി സ്‌കോർ ചെയ്യുമെന്നതായിരുന്നു. തിലകിന്റെ പ്രവചനവും അച്ചട്ടായി. ഫൈനലിൽ ഇന്ത്യക്കായി ടോപ് സ്‌കോററായത് തിലക് വർമയായിരുന്നു. സഞ്ജു സാംസണും ശിവം ദുബെയും ഇന്ത്യ ചാമ്പ്യൻമാരാകുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. അതും ഫലിച്ചു. ഇന്ത്യൻ താരങ്ങളുടെ പ്രവചനം ഫലിച്ചതോടെ ചർച്ചയിൽ പങ്കെടുത്ത രവി ശാസ്ത്രി പറഞ്ഞത് ഇവർക്ക് വേണമെങ്കിൽ ജ്യോതിഷത്തിലും ഒരു നോക്കാമെന്നതായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്