പാകിസ്ഥാനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതോടെ, ടി20 ലോകകപ്പിലെ നാണക്കേടിന്റെ റെക്കോർഡ് പേരിലാക്കി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ. പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തിൽ അക്കൗണ്ട് തുറക്കാതെ മടങ്ങിയ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമക്ക് നാണക്കേടിന്റെ റെക്കോർഡ്. മത്സരത്തലേന്ന് അഭിഷേക് ഇന്ത്യക്കായി കളിക്കണമെന്ന് പറഞ്ഞ പാക് ക്യാപ്ടൻ സൽമാൻ ആഗ തന്നെ അഭിഷേകിനെ ആദ്യ ഓവറിൽ വീഴ്ത്തി.
നാല് പന്ത് നേരിട്ട അഭിഷേക് പൂജ്യത്തിന് പുറത്തായതോടെ ടി20 ലോകകപ്പിൽ കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യൻ ബാറ്ററെന്ന നാണക്കേട് അഭിഷേകിന്റെ തലയിലായി. നേരത്തെ അമേരിക്കക്കെതിരായ ആദ്യ മത്സരത്തിൽ അഭിഷേക് ഗോൾഡൻ ഡക്കായി മടങ്ങിയിരുന്നു. നമീബിയക്കെതിരെ അസുഖം മൂലം അഭിഷേക് കളിച്ചിരുന്നില്ല. ബംഗ്ലാദേശ് താരം ഇമ്രുൾ കെയ്‌സ് മാത്രമാണ് അഭിഷേകിന് പുറമെ ലോകകപ്പിലെ ആദ്യ രണ്ട് കളികളിലും പൂജ്യനായി മടങ്ങിയ ബാറ്റർ.
കൊളംബോയിൽ പാക് നായകൻ സൽമാൻ അലി ആഗ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിൽ മിഡ് ഓണിൽ ഷഹീൻ ഷാ അഫ്രീദിക്ക് ക്യാച്ച് നൽകിയാണ് അഭിഷേക് മടങ്ങിയത്.മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റയും ടി20 ലോകകപ്പിലെ തന്റെ ആദ്യ രണ്ട് ഇന്നിംഗ്‌സുകളിൽ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. എന്നാൽ അത് നെഹ്‌റയുടെ കരിയറിലെ ആദ്യ രണ്ട് ലോകകപ്പ് മത്സരങ്ങളായിരുന്നില്ല. 2010 ലോകകപ്പിലെ സൂപ്പർ 8 ഘട്ടത്തിൽ ഓസ്‌ട്രേലിയക്കും വെസ്റ്റ് ഇൻഡീസിനുമെതിരെയായിരുന്നു നെഹ്‌റ തുടർച്ചയായി പൂജ്യത്തിന് പുറത്തായത്. ലോകകപ്പിൽ ആകെ മൂന്ന് തവണ പൂജ്യത്തിന് പുറത്തായ ഏക ഇന്ത്യൻ താരം എന്ന റെക്കോർഡും നെഹ്‌റയുടെ പേരിലാണ്.
ടി20 ലോകകപ്പ് ചരിത്രത്തിൽ ഒന്നിലധികം തവണ പൂജ്യത്തിന് പുറത്താകുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് അഭിഷേക്. വിരാട് കോഹ്ലി, ഗൗതം ഗംഭീർ, രവീന്ദ്ര ജഡേജ, ശിവം ദുബെ, ആശിഷ് നെഹ്‌റ എന്നിവരാണ് ലോകകപ്പിൽ ഒന്നിൽ കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ ബാറ്റർമാർ.
അവസാനം കളിച്ച ആറ് ടി20 മത്സരങ്ങളിൽ അഭിഷേക് നാലാം തവണയാണ് പൂജ്യത്തിന് പുറത്താവുന്നത്. 0, 0, 0, 68, 0, 30 എന്നിങ്ങനെയാണ് അവസാന ആറ് ടി20 മത്സരങ്ങളിലെ അഭിഷേകിന്റെ പ്രകടനം. സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ അഭിഷേക് 18 പന്തിൽ 24 റൺസെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
