ചെന്നൈ: തമിഴ് നടൻ രവി മോഹൻ ഭാര്യ ആർതിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ഭാര്യാമാതാവ് സുജാത വിജയകുമാർ രംഗത്ത്. രവി മോഹൻ നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ആർതി കുട്ടികളെ കാണാൻ അനുവദിക്കുന്നില്ലെന്നും ഉള്ള ആരോപണം പൂർണമായും വ്യാജമാണെന്നാണ് സുജാത മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
“ഒരു വർഷമായി കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് ഇപ്പോൾ രവി പരസ്യമായി പറയുന്നത്. ഇതിനുമുമ്പും ഞങ്ങൾക്കെതിരെ നിരവധി വ്യാജ ആരോപണങ്ങൾ ഉയർന്നിരുന്നു. കേസ് കോടതിയിലായതിനാലാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്” എന്നാണ് സുജാതയുടെ പ്രതികരണം.
രവി മോഹൻ എന്ത് സമ്മർദത്തിലാണ് ഇത്തരത്തിൽ സംസാരിക്കുന്നതെന്ന് അറിയില്ലെന്നും, എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകുമെന്നും എന്നാൽ അത് നിയമോപദേശം തേടിയ ശേഷമാകുമെന്നും അവർ വ്യക്തമാക്കി.
2008ൽ ഒരു തമിഴ് മാസികയിൽ വന്ന അഭിമുഖത്തെ കുറിച്ചും സുജാത പരാമർശിച്ചു. “ആരാണ് ആരെയാണ് ബ്ലാക്ക്‌മെയിൽ ചെയ്തത്, ആരാണ് വിവാഹത്തിനായി ഞരമ്പ് മുറിച്ചത് എന്നൊക്കെ അതിലുണ്ട്. ഇപ്പോൾ ആ അഭിമുഖം കണ്ടെത്താൻ ശ്രമിക്കുകയാണ്,” എന്നും അവർ പറഞ്ഞു.
കുടുംബ പ്രശ്നങ്ങളുടെ ആഘാതം കുട്ടികൾക്ക് നേരിടേണ്ടി വരുന്നതായും സുജാത ആരോപിച്ചു. “എന്റെ പേരക്കുട്ടി പത്താം ക്ലാസ് പരീക്ഷ എഴുതുകയാണ്. ഈ പ്രശ്നങ്ങൾ കാരണം അവൻ വലിയ മാനസിക സമ്മർദത്തിലാണ്. കുട്ടികൾ കാണാൻ പാടില്ലാത്ത കാര്യങ്ങൾ കാണുകയും കേൾക്കാൻ പാടില്ലാത്തത് കേൾക്കുകയും ചെയ്തു,” എന്നും അവർ പറഞ്ഞു.
അതേസമയം, ഗായിക കെനീഷ ഫ്രാൻസിസുമായുള്ള ബന്ധം അവസാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രവി മോഹൻ വികാരാധീനനായി പ്രതികരിച്ചത്. ഭാര്യ ആർതിയുമായുള്ള വിവാഹമോചനം പൂർത്തിയാകുന്നതുവരെ അഭിനയത്തിൽ നിന്ന് മാറിനിൽക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
“ഇത്രയും നാൾ ഞാൻ മിണ്ടാതിരുന്നു. എന്നാൽ ഇനി പ്രതികരിക്കേണ്ട സമയമായി. ജയം രവി ഒരു പാവമാണെന്നാണ് എല്ലാവരും കരുതുന്നത്. ഞാൻ അങ്ങനെയായിരുന്നു, ഇനി അല്ല. സൈബർ ആക്രമണത്തിനും ഒരു പരിധിയുണ്ട്. എന്റെ കൈവശം തെളിവുകളുണ്ട്. ഞാൻ അനുഭവിച്ച പീഡനങ്ങൾ അടക്കമുള്ള കാര്യങ്ങൾ പുറത്തുകൊണ്ടുവരും,” എന്നാണ് രവി മോഹൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
