പ്രോ കബഡി ലീഗില്‍ ജയ്പൂര്‍ ഫ്രാഞ്ചൈസി ടീം സ്വന്തമാക്കിയതിന് പിന്നിലെ വൈകാരികമായ കുടുംബ ബന്ധം വെളിപ്പെടുത്തി ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. തന്റെ ജീവിതത്തിലും കരിയറിലും നിര്‍ണായകമായ നഗരമാണ് ജയ്പൂരെന്നും ഐശ്വര്യ റായിയുമായുള്ള പ്രണയം ആരംഭിച്ചത് അവിടെ വെച്ചാണെന്നും അഭിഷേക് വ്യക്തമാക്കി. പി.ഡബ്ല്യു.സി ഇന്ത്യ ചെയര്‍പേഴ്സണ്‍ സഞ്ജീവ് കൃഷ്ണന്റെ ഫ്യൂച്ചര്‍ അണ്‍പ്ലഗ്ഗ്ഡ് പോഡ്കാസ്റ്റിലാണ് താരം മനസ് തുറന്നത്.
തന്റെ കന്നി ചിത്രമായ റഫ്യൂജിയുടെ ചിത്രീകരണം നടന്ന നഗരങ്ങളിലൊന്നായ ജയ്പൂരുമായി തനിക്ക് ഏറെ വൈകാരിക ബന്ധമുണ്ട്. പ്രണയത്തിന്റെ തുടക്കം കുറിച്ച മണ്ണായതിനാലാണ് പുതിയൊരു കായിക സംരംഭത്തിന് തുടക്കമിടാന്‍ ഈ നഗരം തന്നെ തിരഞ്ഞെടുക്കാന്‍ കാരണം. ടീമിന്റെ പേരും ലോഗോയും രൂപകല്‍പ്പന ചെയ്തതിലും കുടുംബത്തിന് വലിയ പങ്കുണ്ട്. ടീം രൂപീകരിക്കുന്ന സമയത്ത് മകള്‍ ആരാധ്യയുടെ പ്രിയപ്പെട്ട നിറം പിങ്ക് ആയിരുന്നു. തുടര്‍ന്ന് 2009 ല്‍ ഐശ്വര്യ അഭിനയിച്ച ദി പിങ്ക് പാന്തര്‍ 2 എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ടീമിന് ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് എന്ന് പേരിട്ടത്. ഐശ്വര്യയോടുള്ള ആദര സൂചകമായി ടീം ലോഗോയിലെ പാന്തറിന്റെ കണ്ണുകള്‍ക്ക് താരത്തിന്റേത് പോലെ നീലയും പച്ചയും കലര്‍ന്ന നിറമാണ് നല്‍കിയിരിക്കുന്നത്.
2014 ല്‍ ആരംഭിച്ച പ്രോ കബഡി ലീഗിലെ എട്ട് ഫ്രാഞ്ചൈസികളിലൊന്നായ ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന് പുറമെ, മറ്റ് കായിക മേഖലകളിലും അഭിഷേക് സജീവമാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ചെന്നൈയിന്‍ എഫ്.സിയുടെ സഹവുടമയായ അദ്ദേഹം യൂറോപ്യന്‍ ടി-20 പ്രീമിയര്‍ ലീഗിന്റെ സഹസ്ഥാപകന്‍ കൂടിയാണ്. ഷാരൂഖ് ഖാന്‍ നായകനാകുന്ന കിങ് ആണ് അഭിഷേകിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ ശക്തമായ വില്ലന്‍ വേഷത്തിലാണ് താരം എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
