ഹോളിവുഡിന്റെ മാറ്റിനി ഐക്കൺ ബ്രാഡ് പിറ്റിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ഞെട്ടിച്ചിരിക്കുന്നത്. ആഞ്ചലീന ജോലിയുമായുള്ള വിവാഹമോചനവും അതിനെത്തുടർന്നുണ്ടായ കുടുംബപ്രശ്നങ്ങളും സൃഷ്ടിച്ച മാനസികാഘാതത്തെക്കുറിച്ചും, താൻ നേരിട്ട ആത്മഹത്യാ ചിന്തകളെക്കുറിച്ചും താരം വളരെ വൈകാരികമായി സംസാരിച്ചു. കൂടാതെ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം താൻ വീണ്ടും മദ്യപിച്ചു തുടങ്ങിയെന്ന സത്യവും അദ്ദേഹം തുറന്നുപറഞ്ഞു.
'എസ്ക്വയർ' മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടത്തെക്കുറിച്ച് മനസ്സ് തുറന്നത്. "എന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് എനിക്ക് ആത്മഹത്യാ ചിന്തകൾ ഉണ്ടായത്. ആ സമയത്ത് എനിക്ക് മുന്നിൽ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല. വേദന അത്രത്തോളം അസഹനീയമായിരുന്നു. എന്റെ തലച്ചോറിൽ ആ വെടിയുണ്ടയുടെ തണുപ്പ് എനിക്ക് അനുഭവപ്പെട്ടു. അതൊരു വലിയ ആശ്വാസമായി എനിക്ക് തോന്നി," എന്ന് ബ്രാഡ് പിറ്റ് വെളിപ്പെടുത്തി. എങ്കിലും പെട്ടെന്ന് തന്നെ തന്റെ ജീവിക്കാനുള്ള പ്രേരണ തിരികെ വരികയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്യപാനം ഉപേക്ഷിച്ചതിനെക്കുറിച്ചും അത് പുനരാരംഭിച്ചതിനെക്കുറിച്ചും താരം വ്യക്തത വരുത്തി. 2016-ൽ ആഞ്ചലീനയുമായുള്ള വേർപിരിയലിനു ശേഷം ഒന്നര വർഷത്തോളം 'ആൽക്കഹോളിക്സ് അനോണിമസ്' ഗ്രൂപ്പിൽ ചേർന്ന് അദ്ദേഹം പൂർണ്ണമായി മദ്യവർജ്ജനം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ താൻ വീണ്ടും മദ്യപിച്ചു തുടങ്ങിയെന്നും, പക്ഷേ അത് വളരെ നിയന്ത്രിതമായ അളവിൽ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2016-ൽ വിമാനത്തിൽ വെച്ചുണ്ടായ വഴക്കിനെ തുടർന്ന് ആഞ്ചലീന നൽകിയ വിവാഹമോചന ഹർജിയും, അതിനുശേഷമുണ്ടായ നിയമപോരാട്ടങ്ങളും കുട്ടികളുമായുള്ള അകൽച്ചയും പിറ്റിനെ വല്ലാതെ തളർത്തിയിരുന്നു. മക്കളായ മഡോക്സ്, പാക്സ്, സഹാറ, ഷൈലോ, വിവിൻ, നോക്സ് എന്നിവരിൽ പലരും പിറ്റിന്റെ കുടുംബപേര് ഒഴിവാക്കാൻ കോടതിയെ സമീപിച്ചതും വാർത്തയായിരുന്നു. ഡേവിഡ് അെയർ സംവിധാനം ചെയ്യുന്ന 'ഹാർട്ട് ഓഫ് ദി ബീസ്റ്റ്' ആണ് ബ്രാഡ് പിറ്റിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
