ഹോളിവുഡ് നടി ഹെയ്ഡൻ പാനറ്റിയറുടെ അപ്രതീക്ഷിത വിയോഗ വാർത്തയ്ക്ക് പിന്നാലെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സൗത്ത് കരോലിനയിലെ ഗ്രീൻവില്ലിലുള്ള അപ്പാർട്ട്‌മെന്റിൽ ബോധരഹിതയായി കണ്ടെത്തിയ വേളയിൽ നടിയുടെ മുൻ കാമുകനായ ബ്രയാൻ ഹിക്കേഴ്സണും സഹോദരൻ സാക്കും അവിടെ ഉണ്ടായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്.
സൗത്ത് കരോലിനയിലെ ജഡ്സൺ മിൽ ലോഫ്റ്റ്സിൽ വെച്ചാണ് ഹെയ്ഡൻ അന്തരിച്ചത്. അടിയന്തര വൈദ്യസഹായ സംഘവും പോലീസും സ്ഥലത്തെത്തുമ്പോൾ ബ്രയാന്റെ സഹോദരൻ സാക്ക് വളരെ വൈകാരികമായാണ് പ്രതികരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ മാത്യു ബ്രയാൻ വ്യക്തമാക്കുന്നു.
എന്നാൽ, ഹെയ്ഡൻ മരിച്ചതായി മെഡിക്കൽ സംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് ശേഷമാണ് ബ്രയാൻ വികാരാധീനായതെന്നാണ് റിപ്പോർട്ട്. തുടർന്ന് ഹെയ്ഡൻ കഴിച്ചിരുന്ന മരുന്നുകളടങ്ങിയ ഒരു ബാഗ് ബ്രയാൻ പോലീസിന് കൈമാറുകയായിരുന്നു. ഡിസ്പാച്ച് ഓഡിയോ സന്ദേശങ്ങളിൽ ഹൃദയാഘാതത്തെക്കുറിച്ചും ഡ്രഗ് ഓവർഡോസിനെക്കുറിച്ചും സൂചനകൾ നൽകിയിരുന്നു. എമർജൻസി ജീവനക്കാർ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മറ്റ് പരിക്കുകളോ ആക്രമണത്തിന്റെ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. അതിനാൽ ടോക്സിക്കോളജി പരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.
2018-ലാണ് ഹെയ്ഡനും ബ്രയാനും പ്രണയത്തിലാകുന്നത്. എന്നാൽ ഗാർഹിക പീഡനക്കേസിൽ 2021-ൽ ബ്രയാൻ പിടിയിലാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് തന്റെ ഓർമ്മക്കുറിപ്പായ 'ദിസ് ഈസ് മീ: എ റെക്കണിംഗ്' എന്ന പുസ്തകത്തിലൂടെ ഈ പീഡന അനുഭവങ്ങളെക്കുറിച്ച് ഹെയ്ഡൻ വെളിപ്പെടുത്തിയിട്ടുമുണ്ട്. വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും സൗഹൃദത്തിലായെങ്കിലും നടി മരിക്കുന്ന സമയത്ത് ഇരുവരും വീണ്ടും പ്രണയത്തിലായിരുന്നുവോ എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
