ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മഹാനായ നടന്മാരിൽ ഒരാളായ അമിതാഭ് ബച്ചൻ തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിട്ട കൈപ്പേറിയ അനുഭവങ്ങൾ വെളിപ്പെടുത്തുന്നു. നിലവിൽ ജനപ്രിയ റിയാലിറ്റി ഷോയായ 'കോൻ ബനേഗ ക്രോർപതി' (KBC) സീസൺ 18-ന്റെ അവതാരകനായ അദ്ദേഹം, ഷോയുടെ ഒരു പ്രത്യേക എപ്പിസോഡിലാണ് തന്റെ ആദ്യകാല സിനിമാ അനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്.
2026 കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണമെഡൽ ജേതാക്കളായ ലൗലിന ബോർഗോഹെയ്ൻ, ഝാണ്ടു കുമാർ, ഷർമിള ധാങ്കർ, അസ്മിത ഡേ എന്നിവരായിരുന്നു കെ.ബി.സിയിൽ അതിഥികളായി എത്തിയിരുന്നത്. പരിശീലനത്തിനിടയിൽ കായികതാരങ്ങൾക്ക് വഴക്ക് കേൾക്കേണ്ടി വരുന്നത് പോലെ സിനിമയിലും അത്തരം അനുഭവങ്ങൾ ഉണ്ടാകാറുണ്ടോ എന്ന അസ്മിതയുടെ ചോദ്യത്തിനാണ് ബിഗ് ബി തന്റെ പഴയകാല ഓർമ്മകൾ പങ്കുവെച്ചത്.
"തുടക്കത്തിൽ ഒരുപാട് വഴക്കുകൾ കേട്ടിട്ടുണ്ട്. 'നിനക്ക് അഭിനയത്തിന്റെ എബിസിഡി പോലും അറിയില്ല, നിനക്ക് ഉയരം കൂടുതലാണ്, അതുകൊണ്ട് പെട്ടിയുമെടുത്ത് വീട്ടിൽ പോകൂ' എന്നുവരെ ആളുകൾ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്," എന്ന് ബച്ചൻ ഓർത്തെടുത്തു. ഒടുവിൽ വേഷം കിട്ടിയപ്പോൾ പോലും ഡയലോഗ് പറയുന്ന രീതി ശരിയല്ലെന്ന് പറഞ്ഞ് നിരന്തരം വഴക്ക് കേൾക്കുമായിരുന്നുവെന്നും, എന്നാൽ ഇത്തരം തിരുത്തലുകളാണ് തന്നെ മികച്ചൊരു നടനാക്കി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
സെറ്റിൽ വൈകിയെത്തിയപ്പോൾ നേരിട്ട മറ്റൊരു അനുഭവവും അദ്ദേഹം പങ്കുവെച്ചു. "സാധാരണ ഞാൻ കൃത്യസമയത്ത് സെറ്റിലെത്താറുണ്ട്. എന്നാൽ ഒരിക്കൽ അല്പം വൈകി. സ്വന്തമായി കാറില്ലാത്തതിനാൽ മറ്റൊരാളുടെ കാറിലായിരുന്നു വരവ്. ഞാൻ എത്തിയപ്പോഴേക്കും ഡയറക്ടർ സെറ്റിന് പുറത്തുനിൽക്കുന്നുണ്ടായിരുന്നു. ഷൂട്ടിംഗ് നിർത്തിവെച്ചെന്ന് പറഞ്ഞ് അദ്ദേഹം എന്നെ അവിടുന്ന് ഇറക്കിവിട്ടു," ബിഗ് ബി പറഞ്ഞു.
ഏറ്റവും ഒടുവിൽ ഇറങ്ങിയ 'കൽക്കി 2898 എഡി'യിലെ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തിലൂടെ തരംഗം തീർത്ത അമിതാഭ് ബച്ചൻ, നിലവിൽ കൽക്കിയുടെ രണ്ടാം ഭാഗത്തിന്റെ തിരക്കുകളിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
