ബോളിവുഡ് സിനിമാ രംഗത്തെ സൗന്ദര്യ സങ്കല്പങ്ങളെക്കുറിച്ചും തുടക്കകാലത്ത് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി നേഹ ധൂപിയ. ഒരു കാസ്റ്റിംഗ് ഡയറക്ടറുടെ മോശം പരാമർശം തന്റെ ആത്മവിശ്വാസത്തെ എങ്ങനെ ബാധിച്ചുവെന്നും വർഷങ്ങളോളം അത് തന്റെ ചിരിയെപ്പോലും ഇല്ലാതാക്കിയെന്നുമാണ് താരം വെളിപ്പെടുത്തിയത്. നേഹ ധൂപിയയും ഭർത്താവും നടനുമായ അങ്കദ് ബേദിയും ചേർന്ന് അവതരിപ്പിക്കുന്ന 'ഡബിൾ ഡേറ്റ്' (Double Date) എന്ന ചാറ്റ് ഷോയിലാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. നടി ഹുമ ഖുറേഷിയും സഹോദരൻ സാഖിബ് സലീമും അതിഥികളായി എത്തിയ എപ്പിസോഡിലായിരുന്നു നേഹയുടെ തുറന്നുപറച്ചിൽ.
തന്റെ കരിയറിന്റെ തുടക്കത്തിൽ ഒരു ടെലിവിഷൻ ഷോയുടെ ഓഡിഷനായി പോയപ്പോഴുണ്ടായ അനുഭവമാണ് നേഹ പങ്കുവെച്ചത്:"ഞാൻ ഇൻഡസ്ട്രിയിൽ തികച്ചും പുതിയതായിരുന്ന കാലം. ഒരു ടിവി ഷോയുടെ ഓഡിഷനായി പോയപ്പോൾ കാസ്റ്റിംഗ് ഡയറക്ടറുടെ കാറിലിരിക്കുകയായിരുന്നു ഞാൻ. അദ്ദേഹത്തെ നോക്കി ഞാൻ പുഞ്ചിരിച്ചപ്പോൾ അയാൾ പറഞ്ഞു, 'നീ ചിരിക്കരുത്. ചിരിക്കുമ്പോൾ നിന്നെ കാണാൻ ഒട്ടും ഭംഗിയില്ല. ചിരിക്കാതിരിക്കുമ്പോഴാണ് നിന്റെ മുഖത്തിന് കൂടുതൽ ഗാംഭീര്യമുള്ളത്' എന്ന്."
ഈ ഒരു ഒറ്റ പരാമർശം തന്നെ മാനസികമായി തളർത്തിയെന്ന് നേഹ പറയുന്നു. അതിനുശേഷം താൻ മിസ് ഇന്ത്യ കിരീടം ചൂടിയെങ്കിലും അന്നത്തെ ചിത്രങ്ങൾ നോക്കിയാൽ താൻ ചിരിക്കാത്തത് കാണാം. ഏതാണ്ട് 8 മുതൽ 10 വർഷം വരെ ഈ ഒരു ചിന്ത തന്റെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും അതിൽ നിന്നും പൂർണ്ണമായി മുക്തയാകാൻ ഒരുപാട് സമയമെടുത്തുവെന്നും താരം കൂട്ടിച്ചേർത്തു. കൂടാതെ മിസ് യൂണിവേഴ്സ് മത്സരത്തിലെ പരാജയവും അക്കാലത്ത് തന്നെ മാനസികമായി തളർത്തിയിരുന്നു.
സോഷ്യൽ മീഡിയ ട്രോളുകൾ തന്നെ എങ്ങനെ ബാധിച്ചുവെന്ന് നടി ഹുമ ഖുറേഷിയും ഇതേ പരിപാടിയിൽ പങ്കുവെച്ചു. തന്റെ രണ്ടാമത്തെ ചിത്രത്തിന് ശേഷം നേരിടേണ്ടി വന്ന ക്രൂരമായ സൈബർ ആക്രമണങ്ങൾ കാരണം താൻ ആളുകളിൽ നിന്ന് ഉൾവലിയാൻ തുടങ്ങിയെന്നും, പിന്നീട് തെറാപ്പിയുടെയും ഡയറി എഴുതുന്ന ശീലത്തിന്റെയും സഹായത്തോടെയാണ് ആ അവസ്ഥയെ മറികടന്നതെന്നും ഹുമ വെളിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
