ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന 'ഐ ആം ഗെയിം' ചിത്രത്തിന്റെ ട്രെയിലർ സാങ്കേതിക കാരണങ്ങളാൽ റിലീസ് ചെയ്യാനായിരുന്നില്ല. ട്രെയിലർ പിന്നീട് ഏറ്റവും മികച്ച രീതിയിൽ പുറത്തിറക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
ഇതിനിടെയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവായ ജോം വർഗീസിനോട് ട്രെയിലറിനെക്കുറിച്ച് രസകരമായ രീതിയിൽ ചോദിച്ച് ദുൽഖർ സൽമാൻ തന്നെ രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം പ്രതികരിച്ചത്.
"ആശംസകൾ ഒക്കെ കൊള്ളാം ജോം... പക്ഷേ ട്രെയിലർ എവിടെ?" എന്നായിരുന്നു ദുൽഖറിന്റെ തമാശ നിറഞ്ഞ ചോദ്യം. ഈ സ്റ്റോറി സോഷ്യൽ മീഡിയയിൽ വൈറലായതോടെ ട്രെയിലറിനായുള്ള ആരാധകരുടെ കാത്തിരിപ്പും കൂടുതൽ ശക്തമായി.
2026 ഓഗസ്റ്റ് 20-ന് ഓണം റിലീസായി 'ഐ ആം ഗെയിം' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 'ആർഡിഎക്സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമയാണിത്.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഭാഷണം സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് ഒരുക്കിയത്.
തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ 'ഐ ആം ഗെയിം' ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. അതീവ സ്റ്റൈലിഷ് ലുക്കിലുള്ള മാസ് കഥാപാത്രമായാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്.
മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്കും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതാവകാശം സീ മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. സംഘട്ടന സംവിധാനം നിർവഹിക്കുന്നത് അൻപറിവ് മാസ്റ്റേഴ്സാണ്.
'ലക്കി ഭാസ്കർ' എന്ന മെഗാഹിറ്റിന് ശേഷം വേഫെറർ ഫിലിംസിൽ നിന്ന് എത്തുന്ന ചിത്രമായ 'ഐ ആം ഗെയിം' ദുൽഖർ സൽമാന്റെ 40-ാമത്തെ സിനിമ കൂടിയാണ്. ആന്റണി വർഗീസ്, മിഷ്‌കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
