ലഖ്നോ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ഹസിൻ ജഹാൻ രംഗത്ത്. ഷമി യു.പി പൊലീസിന്റെയും ബി.ജെ.പി സർക്കാറിന്റെയും സഹായത്തോടെ തന്നെ വധിക്കാൻ പദ്ധതിയിടുന്നതായി ആണ് സമൂഹ മാധ്യമങ്ങളിലൂടെ ഹസിൻ ആരോപണമുന്നയിച്ചത്.
'എന്റെ ഭർത്താവും കുടുംബവും എന്നോട് മോശമായാണ് പെരുമാറുന്നത്. കോടതിയുടെയും അധികൃതരുടെയും സഹായം തേടാൻ ഞാൻ നിർബന്ധിതയായിരിക്കുകയാണ്. എന്നാല്‍, അധികൃതരില്‍നിന്ന് എനിക്ക് ഒരു സഹായവും ലഭിക്കുന്നില്ല. അംറോഹ പൊലീസ് എന്നെയും മൂന്നു വയസ്സുള്ള മകളെയും പീഡിപ്പിക്കുകയാണ്. സർക്കാർ എന്നെ പരിഹസിക്കുന്നു. എനിക്കെതിരായ അനീതി അവർ നോക്കിനില്‍ക്കുകയാണ്. ആളുകള്‍ക്ക് എന്താണ് സത്യമെന്ന് അറിയുന്നില്ല. കൊല്‍ക്കത്തയിലെ കീഴ്ക്കോടതിയും എന്നോട് അനീതി കാട്ടുകയാണ്' എന്നാണ് ഹസിൻ ജഹാൻ പറയുന്നത്.
മാർച്ച് ആറിന് അംറോഹ എസ്.പി സുധീർ കുമാർ ജീക്ക് ഞാനൊരു പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നുണ്ടോയെന്നും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും പൊതുജനങ്ങളെ അറിയിക്കണമെന്ന് ഞാൻ അപേക്ഷിച്ചിരുന്നു. 'വ്യാകുലപ്പെടേണ്ട, ആർക്കും ഞങ്ങള്‍ക്കുമേല്‍ സമ്മർദം ചെലുത്താനാവില്ല' എന്നാണ് എസ്.പി എന്നോട് പറഞ്ഞത്. കുറച്ചുദിവസങ്ങള്‍ക്കുശേഷവും എനിക്ക് എഫ്.ഐ.ആറിന്റെ കോപ്പി കിട്ടിയില്ല. തുടർന്ന് ഞാൻ എസ്.പിയുമായി ബന്ധപ്പെടാൻ ശ്രമം നടത്തിയെങ്കിലും അതിന് സാധ്യമായില്ല. മാർച്ച് 18ന് അദ്ദേഹത്തെ കാണാൻ വീണ്ടും അപ്പോയ്മെന്റ് എടുത്തു. രാവിലെ 11 മണിക്കാണ് എനിക്ക് സമയം ലഭിച്ചത്. എന്നാല്‍, അവിടെയെത്തിയപ്പോള്‍ എസ്.പിയുടെ പി.ആർ.ഒ സുനില്‍ കുമാർ എന്നോട് വളരെ മോശമായാണ് പെരുമാറിയത്. എസ്.പിക്ക് എന്നെ കാണാൻ താല്‍പര്യമില്ലെന്നും പി.ആർ.ഒ അറിയിച്ചു.
അന്ന് ഞാൻ ഒരുപാട് കരഞ്ഞു. ഇരട്ടത്താപ്പുള്ള സമൂഹത്തിലാണ് ജീവിക്കുന്നതെന്ന് ഞാനിപ്പോള്‍ ചിന്തിക്കുകയാണ്. എസ്.പി ഈ നിമിഷം വരെ എന്നെ കാണാൻ കൂട്ടാക്കിയില്ല. ഒരു മുസ്‍ലിം യുവതിയായതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നതെന്നാണ് ഞാൻ കരുതുന്നത്. ഞാൻ ഹിന്ദു ആയിരുന്നെങ്കില്‍ എനിക്ക് ഇതിനകം നീതി ലഭിക്കുമായിരുന്നു. ഇവിടുത്തെ മാധ്യമങ്ങളും രാജ്യത്തെ ജനങ്ങളെ സത്യം അറിയിക്കുന്നില്ല. ഷമി അഹ്മദും ബി.ജെ.പി സർക്കാറും യുപെി പൊലീസുമെല്ലാം ചേർന്ന് എന്നെ വധിക്കാൻ പദ്ധതിയിടുകയാണ്' എന്നും ഹസിൻ ജഹാൻ ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നു.
മോഡലായിരുന്ന ഹസിൻ ജഹാനും ഷമിയും 2014ലാണ് വിവാഹിതരായത്. എന്നാല്‍, 2018 മുതല്‍ ഇവർ അകന്നുകഴിയുകയാണ്. ഈ ബന്ധത്തില്‍ മൂന്നു വയസ്സായ ഒരു മകളുണ്ട്. ഷമി തന്നെ കായികമായി ഉപദ്രവിക്കുന്നുവെന്നും വധിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് ഹസിൻ കൊല്‍ക്കത്ത പൊലീസില്‍ നേരത്തേ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ഷമിയെ കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെ വിടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്