അർബുദ രോഗം സ്ഥിരീകരിച്ച വില്യം രാജകുമാരന്റെ ഭാര്യയും വെയിൽസ് രാജകുമാരിയുമായ കേറ്റ് മിഡിൽടണിൻ്റെ ആദ്യഘട്ട കീമോതെറാപ്പി പൂർത്തിയായി. കുടുംബത്തോടൊപ്പമുള്ള വൈകാരിക വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ചികിത്സയെപ്പറ്റി കേറ്റ് മനസ് തുറന്നത്.
ആദ്യകാലങ്ങളിൽ രോഗത്തെ കുറിച്ച് മറച്ചുവെച്ച കേറ്റ്, നിരന്തര ചോദ്യങ്ങൾക്കൊടുവിലാണ് രോഗബാധിതയാണെന്ന വിവരം പുറത്ത് വിട്ടത്. കഴിഞ്ഞ മാസം നോർഫോക്കിൽ നിന്നായിരുന്നു വീഡിയോ ചിത്രീകരിച്ചത്.
കേറ്റ് മിഡിൽടണിനെ പൊതു ഇടങ്ങളിൽ നിന്ന് കാണാതായതോടെയാണ് ആരാധകരുടെ ചോദ്യം ശക്തമായത്. 42കാരിയായ കേറ്റ് നിറഞ്ഞ ചിരിയോടെ 3 മക്കളെയും ചേർത്ത് പിടിച്ചുള്ള ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോ പങ്കുവെച്ചതും വലിയ വിവാദങ്ങൾക്ക് കാരണമായി. ഈ ചർച്ചകൾക്കൊടുവിലാണ് കേറ്റ് അർബുദ രോഗിയാണെന്ന വിവരം പുറത്തുവരുന്നത്.
ആദ്യഘട്ട കീമോ പൂർത്തിയാക്കിയെന്നാണ് വീഡിയോ സന്ദേശത്തിലൂടെ പ്രിൻസസ് ഓഫ് വെയിൽസ് വിശദീകരിക്കുന്നത്. കീമോ തെറാപ്പി പൂർത്തിയാക്കിയെന്നും അതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ലെന്നും കേറ്റ് വീഡിയോയിൽ പറയുന്നു. ദുഷ്കരമായ സാഹചര്യത്തിലൂടെയാണ് കഴിഞ്ഞ ഒമ്പത് മാസങ്ങളായി കടന്നുപോകുന്നത്. ജീവിതം ഒരു നിമിഷം കൊണ്ട് മാറിമറിയാം. അറിയാത്ത വഴികളും കൊടുങ്കാറ്റും എല്ലാം ജീവിതത്തിൽ വന്നാൽ ശരിയായ പാത തെരഞ്ഞെടുക്കണം.
കാൻസർ പോലൊരു അസുഖം ഒരേ സമയം പേടിപ്പെടുത്തുന്നതും പ്രവചനാതീതവുമാണ്. ഇത്തരം സാഹചര്യങ്ങൾ സ്വന്തം ദുർബലതകളെ മുന്നിൽ കൊണ്ടുവരികയും പുതിയ കാഴ്ചപ്പാടുകൾ തുറന്ന് നൽകുകയും ചെയ്യും. ജീവിതത്തിലെ ചെറിയ കാര്യങ്ങളെ ആസ്വദിക്കാനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുന്നതും വലിയ കാര്യമാണെന്നും കേറ്റ് പറയുന്നു. പൂർണമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് ഇനിയും ദീർഘമായ യാത്രയുണ്ട്. ഓരോ ദിവസമായാണ് ഇപ്പോൾ ജീവിതത്തെ കാണുന്നതെന്നും കേറ്റ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്