ബോളിവുഡ് താരം ജാൻവി കപൂർ ഒടുവിൽ തന്റെ ഭാഷാ പരീക്ഷണങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. 2024-ൽ 'ദേവര: പാർട്ട് 1' എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച താരം 2025-ൽ പുറത്തിറങ്ങിയ 'പരം സുന്ദരി' എന്ന ചിത്രത്തിലൂടെ മലയാളത്തിലും ഒരു കൈ നോക്കിയിരുന്നു. എന്നാൽ മലയാളം അത്ര എളുപ്പമുള്ള പണിയല്ലെന്നാണ് ജാൻവി ഇപ്പോൾ തുറന്നു സമ്മതിച്ചിരിക്കുന്നത്.
നിരവധി ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നതിനാൽ ഒരു ബഹുഭാഷാ നടി എന്ന് സ്വയം വിശേഷിപ്പിക്കാൻ സാധിക്കുമോ എന്നും, ഇനി പഠിക്കാൻ ആഗ്രഹിക്കുന്ന മറ്റ് ഭാഷകൾ ഏതൊക്കെയാണെന്നുമുള്ള ഐ.എ.എൻ.എസ് (IANS) വാർത്താ ഏജൻസിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.
"എല്ലാ ഭാഷകളും പഠിക്കാൻ എനിക്ക് താല്പര്യമുണ്ട്. എന്നാൽ മലയാളം എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു, അതുകൊണ്ട് തന്നെ ഇനി അടുത്തൊന്നും മലയാളത്തിൽ ഒരു പരീക്ഷണത്തിന് ഞാൻ മുതിരുമെന്ന് തോന്നുന്നില്ല. മലയാളം കേൾക്കാൻ വളരെ മനോഹരവും മധുരവുമുള്ള ഭാഷയാണ്. പക്ഷെ ഉച്ചാരണത്തിന്റെ കാര്യത്തിൽ എനിക്ക് കൂടുതൽ പരിചിതം തമിഴും തെലുങ്കുമാണ്." ജാൻവി പറഞ്ഞു. നിലവിൽ തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നത് താൻ ഏറെ ആസ്വദിക്കുന്നുണ്ടെന്നും തമിഴ് സിനിമകളിൽ കൂടി അഭിനയിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന തന്റെ പുതിയ തെലുങ്ക് ചിത്രമായ 'പെഡ്ഡി'യുടെ റിലീസ് തിരക്കുകളിലാണ് താരം ഇപ്പോൾ. ജൂൺ 4-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവ രാജ്കുമാർ, ബൊമ്മൻ ഇറാനി, ജഗപതി ബാബു തുടങ്ങിയ വലിയൊരു താരനിര അണിനിരക്കുന്നുണ്ട്. ശശാങ്ക് ഖൈതാൻ സംവിധാനം ചെയ്ത 'സണ്ണി സൻസ്കാരി കി തുളസി കുമാരി' എന്ന ചിത്രമാണ് ജാൻവിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം.
2018-ൽ 'ധടക്' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ജാൻവി കപൂർ, 'ഗുഞ്ജൻ സക്സേന: ദി കാർഗിൽ ഗേൾ', 'മിലി' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയും, ജാതി വിവേചനങ്ങൾക്കെതിരെ പോരാടുന്ന സ്ത്രീയുടെ വേഷം കൈകാര്യം ചെയ്ത 'ഹോംബൗണ്ട്' എന്ന ചിത്രത്തിലൂടെയും വലിയ രീതിയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
