കഴിഞ്ഞ വർഷം അന്തരിച്ച ബോളിവുഡിലെ ഇതിഹാസ താരം ധർമേന്ദ്ര തന്റെ ജീവിതത്തിന്റെ അവസാന നാളുകളിൽ നൽകിയ സന്ദേശം എന്തായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ഭാര്യയും നടിയുമായ ഹേമമാലിനി. മറ്റെന്തിനേക്കാളും കുടുംബത്തിനാണ് മുൻഗണന നൽകേണ്ടതെന്ന ധർമേന്ദ്രയുടെ നിലപാട് തന്നെയാണ് അവസാന നിമിഷത്തിലും അദ്ദേഹം പങ്കുവെച്ചതെന്ന് ഹേമമാലിനി ഓർത്തെടുത്തു. ഒപ്പം, ഡിയോൾ കുടുംബത്തിനുള്ളിൽ ഭിന്നതകളുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും താരം വ്യക്തമാക്കി.
ഒരു പ്രമുഖ ഹിന്ദി മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹേമമാലിനി മനസ്സ് തുറന്നത്. "എപ്പോഴും കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കണമെന്നും കുടുംബത്തോടൊപ്പം ഉണ്ടാകണമെന്നുമാണ് ധരംജി എപ്പോഴും പറഞ്ഞിരുന്നത്. എല്ലാവരും ഒരുമിച്ച് ഒരേ മനസ്സോടെ നിൽക്കണം, ഇന്നത്തെ കാലത്ത് അത് വളരെ പ്രധാനമാണ്. ഇന്നത്തെ കുട്ടികൾ പല വഴിക്കാണ് പോകുന്നത്. ജോലി എപ്പോഴും ഉണ്ടാകും, എന്നാൽ കുടുംബത്തിനാണ് ഏറ്റവും വലിയ പ്രാധാന്യം നൽകേണ്ടത്. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന സന്ദേശവും," ഹേമമാലിനി പറഞ്ഞു.
ധർമേന്ദ്രയുടെ ആദ്യ ഭാര്യ പ്രകാശ് കൗറിലുള്ള മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ എന്നിവരുമായി തങ്ങൾക്കും മക്കളായ ഇഷ, അഹാന എന്നിവർക്കും വിയോജിപ്പുകളുണ്ടെന്ന ഗോസിപ്പുകളോടും ഹേമമാലിനി പ്രതികരിച്ചു. "അവരെല്ലാം വളരെ പാവങ്ങളാണ്. സണ്ണിയും ബോബിയും വളരെ നല്ല സ്വഭാവമുള്ളവരാണ്. ഞങ്ങൾ എല്ലാവരും എപ്പോഴും ഒപ്പമുണ്ട്. ഞങ്ങൾ ഇതൊന്നും പുറത്തുപറഞ്ഞ് പബ്ലിസിറ്റി ഉണ്ടാക്കാറില്ല എന്നേയുള്ളൂ, ഉള്ളിൽ ഞങ്ങൾ എല്ലാവരും ഒന്നാണ്. വളരെ സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്," ഹേമമാലിനി വ്യക്തമാക്കി.
ധർമേന്ദ്രയെപ്പോലൊരു മഹാനായ മനുഷ്യനെക്കുറിച്ച് പറയാൻ വാക്കുകൾ തികയില്ലെന്നും, എത്ര വലിയ ഉയരങ്ങളിൽ എത്തിയാലും അദ്ദേഹം എപ്പോഴും മണ്ണിൽ ചവിട്ടി ജീവിച്ച വ്യക്തിയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. 2025 നവംബറിൽ 89-ാം വയസ്സിലാണ് ധർമേന്ദ്ര അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണശേഷവും കുടുംബാംഗങ്ങൾ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ അത്തരം അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടിരിക്കുകയാണ് ഹേമമാലിനിയുടെ ഈ പുതിയ വെളിപ്പെടുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
