എപ്പോഴും ചിരിക്കയും ചിരിപ്പിക്കയും ചെയ്യുന്ന ധ്യാൻ ശ്രീനിവാസനെയാണ് മലയാളികൾ കണ്ടിട്ടുള്ളത്. എന്നാൽ അച്ഛൻ ശ്രീനിവാസന്റെ ചേതയറ്റ ശരീരത്തിന് അരികിൽ ഇരുന്ന് ധ്യാൻ പൊട്ടിക്കരഞ്ഞ കാഴ്ച എല്ലാ മലയാളികളെയും ഒരുപോലെ വേദനിപ്പിച്ചിരുന്നു. ആ നിമിഷത്തിന് പിന്നാലെ, അച്ഛനെക്കുറിച്ച് ധ്യാൻ മുമ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.
നാളുകൾക്ക് മുൻപ് നടന്ന ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അച്ഛൻ ശ്രീനിവാസനുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും അവരുടെ രസകരമായ സംഭാഷണങ്ങളെക്കുറിച്ചും ധ്യാൻ തുറന്നു പറഞ്ഞത്. തന്റെ ഒരു സിനിമ ടിവിയിൽ കണ്ടതിന് ശേഷം അച്ഛൻ വിളിച്ച് പറഞ്ഞ ഒരു അനുഭവമാണ് ധ്യാൻ പങ്കുവച്ചത്.
“വളരെ അഭിമാനത്തോടെ ഒരു ദിവസം ഞാൻ വീട്ടിലേക്ക് കയറി ചെല്ലുന്നു. അച്ഛൻ ഭക്ഷണം കഴിക്കുകയായിരുന്നു. ‘ധ്യാൻ, ഒന്ന് അവിടെ നിൽക്കണം’ എന്ന് പറഞ്ഞു. സാധാരണ അങ്ങനെ പറയാറില്ല. ‘ധ്യാന്റെ ഒരു സിനിമ ഞാനും വിമലയും ടിവിയിൽ കണ്ടു’ എന്നു പറഞ്ഞതും ഞാൻ ഞെട്ടി. ‘അയ്യോ, പണി പാളിയല്ലോ’ എന്നാണ് ആദ്യം തോന്നിയത്,” എന്ന് ധ്യാൻ പറഞ്ഞു.
തുടർന്ന് സിനിമയുടെ നിർമാതാവ് ആരാണെന്ന് അച്ഛൻ ചോദിച്ചതായും, “ഇവരെ പോലുള്ള നിർമാതാക്കൾ ഉള്ളതുകൊണ്ടല്ലേ നമ്മൾ ജീവിക്കുന്നത്” എന്ന് താൻ മറുപടി പറഞ്ഞതായും ധ്യാൻ ഓർത്തെടുത്തു. അതിന് ശ്രീനിവാസൻ പറഞ്ഞ മറുപടി ധ്യാനെ അമ്പരപ്പിച്ചു — “ഇതിലും ഭേദം മരിക്കുന്നതാണ് ധ്യാൻ” എന്നായിരുന്നു അച്ഛന്റെ പ്രതികരണമെന്ന് ധ്യാൻ പറഞ്ഞു.
അത് കേട്ടപ്പോൾ “എന്തൊരു ഡാർക്ക്” എന്ന് തോന്നിയെന്നും, പോകാൻ നേരം പോലും അച്ഛൻ തമാശ വിട്ടില്ലെന്നും ധ്യാൻ പങ്കുവച്ചു. “നാളെ ‘അമ്മ’യുടെ മീറ്റിങ്ങുണ്ട്, അവശകലാകാരന്മാർക്ക് അയ്യായിരം രൂപ വീതം കൊടുക്കുന്നുണ്ട്, പോയി അത് വാങ്ങിക്കോ” എന്ന് പറഞ്ഞ് വീണ്ടും കളിയാക്കിയെന്നും ധ്യാൻ ചിരിക്കെ ഓർത്തെടുത്തു.
“എനിക്ക് തോന്നുന്നു, അതാണ് അദ്ദേഹവും ഞാനും തമ്മിലുള്ള അവസാന സംഭാഷണം. അവസാനം വരെ അദ്ദേഹം ആ സ്വഭാവം കാത്തുസൂക്ഷിച്ചു. എന്നെ ക്ഷണിക്കാത്ത ആ വീടും, ആ പറമ്പും പാടവും എന്നെ ഏൽപ്പിച്ച് ആറുമാസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം പോയത്,” എന്നായിരുന്നു ധ്യാന്റെ വാക്കുകൾ. ശ്രീനിവാസനും ധ്യാനും തമ്മിലുള്ള ആ പ്രത്യേക ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന വാക്കുകളായാണ് ആരാധകർ ഇത് കാണുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
