കുട്ടികാലം മുതല്‍ താനൊരു പൃഥ്വിരാജ് ആരാധകനാണെന്നും അദ്ദേഹത്തെ വച്ചൊരു സിനിമ സംവിധാനം ചെയ്യുക എന്നതാണ് തന്റെ ആഗ്രഹമെന്നും നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്.
അഭിനേതാവാകുക എന്നതിനെക്കാള്‍ സംവിധായകനാകുക എന്നായിരുന്നു നേരത്തെ മുതല്‍ ആഗ്രഹിച്ചിട്ടുള്ളതെന്നും വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗോകുല്‍ സുരേഷ് പറഞ്ഞു.
"ഒരു നടനാകുക എന്നതിനെക്കാള്‍ സംവിധായകനാകുക എന്നായിരിക്കും ഞാന്‍ ചിന്തിച്ചിട്ടുള്ളത്. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് ഞാന്‍ പൃഥ്വിരാജ് ഫാന്‍ ആണ്. അദ്ദേഹത്തെ വച്ച് ആദ്യ സിനിമ സംവിധാനം ചെയ്യണം എന്ന് ആഗ്രഹമുണ്ട്.
ഇപ്പോള്‍ അല്ല. അദ്ദേഹത്തിന് കുറച്ചുകൂടി പ്രായമായതിന് ശേഷം കിട്ടണം. കുറേ ഷോട്ടുകളും കഥയുടെ രൂപവും മനസില്‍ പ്ലാനുണ്ട്. എഴുതുന്ന സുഹൃത്തുക്കളെക്കൊണ്ട് തിരക്കഥ എഴുതിപ്പിക്കുകയാണ്. കുറച്ച് സമയമെടുത്തു തന്നെ വേണം അതിലേക്ക് വരാന്‍. ലാല്‍ സാറിന് ലൂസിഫര്‍ സമര്‍പ്പിച്ചതു പോലെ രാജുവേട്ടന്റെ ഒരു ലൂസിഫര്‍ എനിക്ക് സമര്‍പ്പിക്കണം. ആക്ഷന്‍ പടങ്ങളോടാണ് കമ്പം. അങ്ങനത്തെ ഒരു ജോണറാണ് നോക്കുന്നത്," -ഗോകുല്‍ സുരേഷ് കൂട്ടിച്ചേർത്തു.
ഗോകുല്‍ ആദ്യമായി അഭിനയിച്ച ചിത്രം 2016ല്‍ പുറത്തിറങ്ങിയ മുത്തുഗവു ആണ്. നവാഗതനായ വിപിന്‍ദാസായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇര, മാസ്റ്റര്‍പീസ്, ഇളയരാജ, സൂത്രക്കാരന്‍, സായാഹ്ന വാര്‍ത്തകള്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ഡിസ്‌ടോപ്പിയന്‍ ഏലിയന്‍ ചിത്രം ഗഗനചാരി തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അരുണ്‍ ചന്ദു സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് അജിത് വിനായകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്