74-ാമത് വിശ്വസുന്ദരി പട്ടം മെക്സിക്കോയുടെ ഫാത്തിമ ബോഷ് ഫെർണാണ്ടസിന് (Fátima Bosch Fernández). നിരവധി വിവാദങ്ങളിലൂടെ കടന്നുപോയ മത്സരത്തിനൊടുവിലാണ് 25-കാരിയായ ഫാത്തിമ വിജയകിരീടം ചൂടിയത്. സ്വന്തം അന്തസ്സ് ഉയർത്തിപ്പിടിച്ച് സംഘാടകരിൽ ഒരാളുടെ പരസ്യമായ അധിക്ഷേപത്തെ ചോദ്യം ചെയ്ത ഫാത്തിമയുടെ ധീരമായ നിലപാടാണ് ഈ വർഷത്തെ മത്സരത്തിലെ ശ്രദ്ധാകേന്ദ്രമായതും, അവരുടെ വിജയത്തിന് തിളക്കമേറ്റിയതും.
തായ്‌ലൻഡിലെ നോന്തബുരിയിലെ ഇംപാക്ട് ചലഞ്ചർ ഹാളിൽ നടന്ന വർണ്ണാഭമായ ചടങ്ങിലാണ് ഫാത്തിമ ബോഷിനെ വിശ്വസുന്ദരിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ വിശ്വസുന്ദരി ഡെൻമാർക്കിന്റെ വിക്ടോറിയ കിയാർ തെയിൽവിഗ് കിരീടം കൈമാറി.
ഈ വർഷത്തെ മത്സരം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഫാത്തിമ ഒരു വലിയ വിവാദത്തിന്റെ ഭാഗമായിരുന്നു. പ്രീ-പേജന്റ് പരിപാടിക്കിടെ തായ് ഡയറക്ടർ നവാത് ഇറ്റ്‌സാരഗ്രിസിൽ, പ്രൊമോഷണൽ പ്രവർത്തനങ്ങളിൽ സഹകരിച്ചില്ലെന്ന് ആരോപിച്ച് ഫാത്തിമയെ പരസ്യമായി ആക്ഷേപിക്കുകയും 'ബുദ്ധിയില്ലാത്തവൾ' (Dumbhead) എന്ന് വിളിക്കുകയും ചെയ്തു. ഇതിനെതിരെ ഫാത്തിമ ശക്തമായി പ്രതികരിച്ചു. "നിങ്ങളുടെ ഡയറക്ടർ ചെയ്തത് ബഹുമാനമില്ലാത്ത കാര്യമാണ്. അദ്ദേഹം എന്നെ വിഡ്ഢിയെന്ന് വിളിച്ചു. സ്വന്തം അന്തസ്സിന് ക്ഷതമേറ്റാൽ അവിടെ നിന്ന് ഇറങ്ങിപ്പോവുകയാണ് വേണ്ടത്" എന്ന് ഫാത്തിമ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈ സംഭവത്തിന് പിന്നാലെ ഫാത്തിമയെ പിന്തുണച്ച് നിലവിലെ വിശ്വസുന്ദരി ഉൾപ്പെടെ നിരവധി മത്സരാർത്ഥികൾ വേദിയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഇത് ലോകമെമ്പാടുമുള്ള മാധ്യമശ്രദ്ധ നേടി. ഈ ധീരമായ നിലപാട് ഫാത്തിമയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി.
ഫൈനൽ റൗണ്ടിൽ, '2025-ൽ ഒരു സ്ത്രീ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാമാണ്, സ്ത്രീകൾക്ക് സുരക്ഷിതമായ ഇടം സൃഷ്ടിക്കാൻ വിശ്വസുന്ദരി പ്ലാറ്റ്‌ഫോം എങ്ങനെ ഉപയോഗിക്കും?' എന്ന ചോദ്യത്തിന്, "മാറ്റം വരുത്താനും സംസാരിക്കാനും ഞങ്ങൾ ഇവിടെയുണ്ട്. ചരിത്രം സൃഷ്ടിക്കാൻ പോകുന്ന ധീരരായ സ്ത്രീകളാണ് ഞങ്ങൾ" എന്ന ഫാത്തിമയുടെ ആത്മവിശ്വാസമുള്ള മറുപടി വിധികർത്താക്കളുടെ പ്രശംസ നേടി.
തായ്‌ലൻഡിന്റെ പ്രവീണർ സിംഗ് ഫസ്റ്റ് റണ്ണറപ്പായും വെനിസ്വേലയുടെ സ്റ്റെഫാനി അബാസാലി സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ഫിലിപ്പീൻസിന്റെ ആതിസ മനോലോ, ഐവറി കോസ്റ്റിന്റെ ഒലീവിയ യാസെ എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി. ഇന്ത്യയെ പ്രതിനിധീകരിച്ച മനിക വിശ്വകർമ്മയ്ക്ക് ആദ്യ 12 സ്ഥാനങ്ങളിൽ എത്താൻ സാധിച്ചില്ല. ഫാഷൻ ഡിസൈനറായ ഫാത്തിമ പരിസ്ഥിതി സൗഹൃദ ഫാഷനെ പ്രോത്സാഹിപ്പിക്കുകയും, കുട്ടികൾക്കായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
