ചെന്നൈ: വ്യക്തിജീവിതത്തിലെ പ്രതിസന്ധികൾക്കുശേഷം ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണെന്നും, തനിക്കൊപ്പം നിന്ന എല്ലാവരോടും സ്നേഹവും നന്ദിയും അറിയിക്കുന്നുവെന്നും നടൻ രവി മോഹൻ. തന്റെ തുറന്നുപറച്ചിലിന് പിന്നാലെ നിരവധി പേർ മാനസികാരോഗ്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ തുടങ്ങിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെഎഫ്ഡബ്ല്യൂ അവാർഡ് വേദിയിലായിരുന്നു രവി മോഹന്റെ പ്രതികരണം.
"എല്ലാവർക്കും നമസ്കാരം. ഞാൻ നന്നായി ഇരിക്കുന്നു. ഈ വർഷം എനിക്ക് 46 വയസ്സ് തികയുകയാണ്. അതിൽ 23 വർഷവും, എന്റെ ജീവിതത്തിന്റെ പകുതിയും സിനിമയ്ക്കൊപ്പമായിരുന്നു. എന്നിരുന്നാലും, ഞാൻ ചെയ്ത ഒരു ചെറിയ തെറ്റ് നിങ്ങളെ വേദനിപ്പിച്ചു. വ്യക്തിജീവിതവും സിനിമാജീവിതവും ഒരുപോലെ മുന്നോട്ടുപോയപ്പോൾ, വ്യക്തിജീവിതത്തിൽ ഞാൻ കുറച്ച് കൂടുതൽ വൈകാരികനായി," അദ്ദേഹം പറഞ്ഞു.
സിനിമയിൽ നിന്ന് മാറിനിൽക്കില്ലെന്ന് ഉറപ്പുനൽകിയ രവി മോഹൻ, സിനിമാരംഗത്തെ സഹപ്രവർത്തകർ നൽകിയ പിന്തുണയും ഓർത്തെടുത്തു.
"സിനിമാരംഗത്തുള്ള എല്ലാവരും എന്നോട് ഒരു കാര്യമാണ് പറഞ്ഞത് — എന്ത് വേണമെങ്കിലും ചെയ്തോളൂ, പക്ഷേ സിനിമയിൽ ഉണ്ടാകില്ലെന്ന് മാത്രം പറയരുത്. ആ വാക്കുകൾ ഞാൻ വേദവാക്യമായി സ്വീകരിച്ചു. എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. സിനിമാരംഗത്തെയും, എന്നെ സ്നേഹിക്കുന്ന ആരാധകരെയും ഇനി ഒരിക്കലും ഞാൻ നിരാശപ്പെടുത്തില്ല," അദ്ദേഹം വ്യക്തമാക്കി.
സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് ഉണ്ടാകുമെന്നും രവി മോഹൻ പറഞ്ഞു.
"തീർച്ചയായും ഞാൻ തിരിച്ചുവരും. തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ സന്തോഷായി, നിങ്ങളുടെ കുമരാനായി, നിങ്ങളുടെ ധ്രുവനായി, നിങ്ങളുടെ 'തനി ഒരുവനായി', നിങ്ങളുടെ 'പൊന്നിയിൻ സെൽവനായി', നിങ്ങളുടെ കരാട്ടെ ബാബുവായി... ഞാൻ വീണ്ടും നിങ്ങളിലേക്ക് എത്തും. എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി," അദ്ദേഹം പറഞ്ഞു.
തന്റെ തുറന്നുപറച്ചിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചതായും രവി മോഹൻ കൂട്ടിച്ചേർത്തു.
"എന്റെ പ്രതികരണത്തിന് ശേഷം പലരും മാനസികാരോഗ്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ തുടങ്ങി. എന്താണ് അനുഭവിക്കുന്നതെന്ന് പറയാൻ മടിച്ചിരുന്ന പലരും എന്നെ വിളിച്ച് സംസാരിച്ചു. 'സാർ, നിങ്ങളെ കണ്ടാണ് ഞാനും എന്റെ അവസ്ഥ തുറന്ന് പറയാൻ ധൈര്യം കണ്ടെത്തിയത്' എന്ന് അവർ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി," അദ്ദേഹം പറഞ്ഞു.
"ഇന്ന് ഞാൻ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ഇവിടെ നിൽക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിന് കാരണം എന്റെ ആരാധകരാണ്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി," എന്നും രവി മോഹൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
